കോടി രൂപയുടെ ആഡംബര കാര്‍ യദിയൂരപ്പ തിരികെനല്‍കി

11.55 PM 17-04-2016
car_moss_041616123824
കര്‍ണാടകയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗിച്ച ഒരു കോടി രൂപയുടെ ആഡംബര കാര്‍ ബിജെപി നേതാവ് ബി.എസ്. യദിയൂരപ്പ തിരികെനല്‍കി. കഴിഞ്ഞ ദിവസം വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ യദിയൂരപ്പ ലാന്‍ഡ് ക്രൂയിസര്‍ കാറിലെത്തിയ നടപടി വിവാദമുയര്‍ത്തിയിരുന്നു. ഇതോടെയാണ് ഉടമയായ മുരുഗേഷ് ആര്‍. നിരാണിക്ക് കാര്‍ തിരിച്ചുനല്‍കിയത്. ബിജെപി അധ്യക്ഷനായി ചുമതലയേറ്റ നാളുകളിലാണ് യദിയൂരപ്പയ്ക്ക് കാര്‍ സമ്മാനമായി ലഭിച്ചത്.
കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രിയായ യദിയൂരപ്പ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കാര്‍ വാടകക്ക് എടുത്തതാണെന്നും തിരിച്ചു നല്‍കുന്നതായും അറിയിച്ചത്. മുന്‍ മന്ത്രിയായ മുരുഗേഷ് നിരാണിയാണ് തനിക്കു കാര്‍ തന്നതെന്നും സംസ്ഥാനത്തെ പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് താത്കാലികമായി ഉപയോഗിക്കാറുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. ആഡംബര കാര്‍ ഉപയോഗിക്കുന്നതിനെ ന്യായീകരിച്ച യദിയൂരപ്പ ഒരു ആഡംബര കാറില്‍ വരള്‍ച്ചാ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതില്‍ എന്നാണ് തെറ്റെന്നു ചോദിച്ചിരുന്നു. തന്റെ സുരക്ഷയും സൗകര്യവും നോക്കിയാണ് കാര്‍ നല്‍കിയതെന്നും യദിയൂരപ്പ നിലപാടെടുത്തു. നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ 70 ലക്ഷം രൂപയുടെ വാച്ച് ഉപയോഗിച്ച വിഷയത്തില്‍ ബിജെപി വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.