ന്യുജെന്‍ പ്രചാരണ തന്ത്രവുമായി വി.എസും

11.59 17-04-2016
achuthanandan-main
തെരഞ്ഞെടുപ്പ് പ്രചാരണത്തിണു നവ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും. വിഎസിന്റെ പ്രത്യേക വെബ്‌സൈറ്റും ഫേസ്ബുക്കും ട്വിറ്റര്‍ അക്കൗണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയത്തിലെ ചെറുബാല്യക്കാര്‍ മുതല്‍ പരിണതപ്രജ്ഞര്‍ വരെ നവമാധ്യമലോകത്തു സജീവമായ കാലത്ത് വി.എസ്. അച്യുതാനന്ദനും മാറിനില്‍ക്കുന്നില്ല. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, വാട്ട്‌സ്ആപ്പ് എന്നിവയിലെല്ലാം ഇനി വിഎസിന്റെ ഇടപെടലുകള്‍ കാണാം.
രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ തന്റെ പോരാട്ടത്തിന്റെ നേര്‍സാക്ഷ്യങ്ങളാണു പ്രതിപക്ഷനേതാവിന്റെ വെബ്‌സൈറ്റില്‍ പങ്കുവയ്ക്കുന്നത്. വെബ്‌സൈറ്റില്‍ വിഎസിന്റെ ബാല്യകാല രാഷ്ട്രീയ പ്രവര്‍ത്തനം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സിപിഎമ്മിന്റെയും പോരാട്ടപഥങ്ങള്‍, പരിസ്ഥിതിരംഗത്തെ ഇടപെടലുകള്‍, നിയമസഭയ്ക്കകത്തെയും പുറത്തെയും പോരാട്ടങ്ങളുടെ ചരിത്ര രേഖകള്‍, വി.എസ് കേന്ദ്ര കഥാപാത്രമാകുന്ന കാര്‍ട്ടൂണുകളുടെ ശേഖരം എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഫേസ്ബുക്കിലും ട്വിറ്ററിലുമായി സൈബര്‍ലോകത്തെ സന്ദര്‍ശകര്‍ക്കു വി.എസുമായി സംവദിക്കാം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണു വെബ് പേജ് ഉദ്ഘാടനം ചെയ്തത്.