പൂരലഹരിയില്‍ മതിമറന്ന് സാംസ്‌കാരിക നഗരി

12.21 AM 18-04-2016

വടക്കുംനാഥന്റെ മണ്ണില്‍ പൂരത്തിന്റെ ലഹരിലാറടി മൂര പ്രേമികള്‍. തെക്കേ ഗോപുരനടയില്‍ മുഖാമുഖം നിന്ന് പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ വര്‍ണക്കുടകള്‍ ഉയര്‍ത്തിയത് പൂരപ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. വര്‍ണ്ണ വിസ്മയം തീര്‍ത്ത് കുടമാറ്റം കാഴ്ചയുടെ വിരുന്നൊരുക്കി. സ്‌പെഷ്യല്‍ കുടകളും ഇരുവിഭാഗത്തിന്റെയും പ്രത്യേകതയായി. ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ ഇത്തവണയും കണ്ടു.
കണ്ണും കാതും നിറച്ച് ഘടകപൂരങ്ങള്‍ വടക്കുംനാഥ സന്നിധിയിലേക്കെത്തിയതോടെ തൃശൂര്‍ പൂരസാഗരമായി. പൂരപ്രേമികള്‍ക്ക് ആവേശം പകരുന്നതായിരുന്നു മഠത്തില്‍ വരവ് പ!ഞ്ചവാദ്യം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്തില്‍ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയപ്പോള്‍ പൂരത്തിന് രൗദ്രതാളം. കടുത്ത ചൂടിനെ പോലും അവഗണിച്ച് മേളം തുടങ്ങി അവസാനം വരെ പൂരപ്രേമികളുടെ കൈകള്‍ വായുവില്‍ താളം പിടിച്ചു.
പിന്നാലെയെത്തി പനമുക്കുംപിള്ളി ശാസ്താവ്. ഇലഞ്ഞിത്തറമേളത്തിന് രാവിലെ തന്നെ സ്ഥാനമുറപ്പിച്ചവര്‍ക്ക് മുന്നില്‍ ഒരു മേള ഗോപുരമുയര്‍ത്തി പനമുക്കുംപിള്ളി ശാസ്താവ് പടിഞ്ഞാറേ നട കടന്ന് വടക്കുംനാഥനെ പ്രണമിച്ചു മടങ്ങി.
പിന്നെ ഭഗവതിമാരുടെ ഊഴമായിരുന്നു. ചെമ്പൂക്കാവ് ഭഗതിയാണ് ആദ്യം ശ്രീ മൂലസ്ഥാനത്തെ മേളത്തില്‍ ത്രസിപ്പിച്ചത്. തൊട്ടുപിന്നാലെ കാരമുക്ക് ഭാഗവതിയും മേളപ്പൂരമൊരുക്കി. ലാലൂര്‍ കാര്‍ത്ത്യായനിയും ചൂരക്കോട്ടുകാവിലമ്മയും അയ്യന്തോള്‍ കാര്‍ത്ത്യായനിയും നെയ്തലക്കാവിലമ്മയും ഊഴത്തിനൊത്ത് മേളപ്പൂരം തീര്‍ത്ത് വടക്കുംനാഥ സന്നിധിയിലേക്ക് കടക്കുമ്പോള്‍ മഠത്തില്‍വരവ് മേളത്തില്‍ അലിഞ്ഞിരുന്നു പൂരപ്രേമികള്‍.