കൗമാരപ്രായക്കാര്‍ക്കിടയില്‍ ഇ-സിഗററ്റ് ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായി സി.ഡി.സി

05:50pm 18/4/2016
– പി.പി.ചെറിയാന്‍
unnamed
വാഷിംഗ്ടണ്‍: പതിനെട്ടു വയസ്സിനു താഴെയുള്ളവരില്‍ ഇ-സിഗററ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതു ആശങ്കയുണ്ടാക്കുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രവന്‍ഷന്‍(Center for Disease Control And prevention) വെള്ളിയാഴ്ച(ഏപ്രില്‍ 15ന്) പുറത്തുവിട്ട സര്‍വ്വേ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

മുപ്പതു കുട്ടികളുള്ള ഹൈസ്‌ക്കൂള്‍ ക്ലാസ്സില്‍ ഏഴു പേരിലധികം പുകയില ഉപയോഗിക്കുന്നുണ്ടെങ്കില്‍ മിഡില്‍ ക്ലാസ്സില്‍ മൂന്നുപേര്‍ ഇതിനടിമയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അമേരിക്കയിലെ പതിനെട്ടു വയസ്സിനു താഴെയുള്ള 5.6 മില്യണ്‍ കുട്ടികള്‍ പുകയില ഉപയോഗിക്കുന്നതുമൂലമുള്ള രോഗങ്ങള്‍ക്ക് അടിമയാണ്.

പുകയിലയുടെ നേരിട്ടുള്ള ഉപയോഗം കുറഞ്ഞു വരുന്നതായും, ഈ സിഗരറ്റിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായും 2011 മുതല്‍ 2015 വരെ ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നു.
വ്യത്യസ്ഥ രുചിഭേദങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഇ സിഗററ്റുകളില്‍ പുകയില ഇല്ലാത്തതിനാല്‍ ആരോഗ്യത്തിന് ഹാനികരമല്ല എന്ന് ഉല്പാദകര്‍ വാദിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍, പ്രൊപ്പലിന്‍ ഗൈക്കോള്‍, തുടങ്ങിയ രാസ പദാര്‍ത്ഥങ്ങള്‍ ശ്വാസമുട്ടും, കാന്‍സറും രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദര്‍ പറയുന്നു.

അമേരിക്കയില്‍ 5.6 ബില്യണ്‍ ഇസിഗരറ്റുകളാണ് വില്പന നടക്കുന്നതെന്ന് സി.ഡി.സി. റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-2014 ലെ കണക്കു പരിശോധിക്കുമ്പോള്‍ 660,000 ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇ സിഗരറ്റ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഈ സംഖ്യ 2 മില്യണ്‍ കവിഞ്ഞിരിക്കുന്നത് അപകടകരമായ സ്ഥിതി വിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.