കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ച് കൊന്ന സംഭവം; അക്രമികള്‍ക്കായി തെരച്ചില്‍

05:52 pm 28/5/2017

കയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രൈസ്തവരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അക്രമികള്‍ക്കായി തെരച്ചില്‍ നടത്തിവരുന്നു. ഇന്നലെയാണ് സംഭവം. കോപ്റ്റിക് െ്രെകസ്തവര്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞുനിര്‍ത്തി ഭീകരര്‍ നടത്തിയ വെടിവയ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഖലീദ് മുഗാഹെദ് അറിയിച്ചു. കൊല്ലപ്പെട്ടതില്‍ ഭൂരിപക്ഷവും കുട്ടികളാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ് കോപ്റ്റിക് െ്രെകസ്തവര്‍ക്കുനേരെ ഈജിപ്തില്‍ തീവ്രവാദി ആക്രമണം നടക്കുന്നത്.

തലസ്ഥാന നഗരമായ കയ്‌റോയില്‍നിന്നു 250 കിലോമീറ്റര്‍ അകലെയുള്ള മിന്യ പ്രവിശ്യയിലെ അന്‍ബ സാമുവല്‍ സന്യാസിമഠത്തിലേക്കു പുറപ്പെട്ട സംഘത്തിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. മൂന്ന് കാറുകളില്‍ എത്തിയ സൈനികവേഷധാരികളായ പത്തോളം ഭീകരരാണ് വിജനമായ സ്ഥലത്തുവച്ച് വെടിവയ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അക്രമികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായി സുരക്ഷാസേന അറിയിച്ചു.

ഓശാന ഞായറാഴ്ച (ഏപ്രില്‍ ഒന്പത്) അലക്‌സാണ്ഡ്രിയയിലും ടാന്‍റയിലും കോപ്റ്റിക് പള്ളികള്‍ക്കുനേരെ ഉണ്ടായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കെയാണ് മറ്റൊരു ആക്രമണമുണ്ടായത്. ഓശാന ഞായറാഴ്ച ഉണ്ടായ ഇരട്ട ആക്രമണത്തില്‍ 46പേര്‍ കൊല്ലപ്പെട്ടിരുന്നു. ഡിസംബറില്‍ കയ്‌റോയിലെ പള്ളിയില്‍ ഉണ്ടായ ഐഎസ് ആക്രമണത്തില്‍ 25 പേര്‍ മരണപ്പെട്ടു.