കോഹ്‌ലിക്ക് ടെസ്റ്റില്‍ 3000 റണ്‍സ്; വിദേശമണ്ണില്‍ 2000

08:14pm 22/7/2016

virat-kohli-inida-t20-750

ആന്റിഗ്വ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വിദേശ ആധിപത്യം തുടരുന്നു. ടെസ്റ്റില്‍ 3000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട കോഹ്‌ലി വിദേശമണ്ണില്‍ 2000 റണ്‍സും പൂര്‍ത്തിയാക്കി.

42 ടെസ്റ്റുകളില്‍നിന്ന് 3137 റണ്‍സാണു കോഹ്‌ലിയുടെ സമ്പാദ്യം. 12 സെഞ്ചുറികളും ഈ നേട്ടത്തിനു പകിട്ടേകുന്നു. ഇന്ത്യന്‍ മണ്ണില്‍ 17 ടെസ്റ്റ് കളിച്ച കോഹ്‌ലി 1059 റണ്‍സാണു(46.04 ശരാശരി) നേടിയത്. വിദേശത്താകട്ടെ 25 ടെസ്റ്റുകളില്‍നിന്ന് 2078 റണ്‍സ്(46.17 ശരാശരി) അടിച്ചെടുത്തു. ഇന്ത്യന്‍ മണ്ണില്‍ മൂന്നു ടെസ്റ്റ് സെഞ്ചുറികള്‍ മാത്രം നേടിയ കോഹ്‌ലി വിദേശത്ത് ഒമ്പതു സെഞ്ചുറികള്‍ കുറിച്ചു. ഓസ്‌ട്രേലിയയില്‍ മാത്രം അഞ്ചു സെഞ്ചുറികളാണു കോഹ്‌ലി നേടിയത്. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് രാജ്യങ്ങളില്‍ ഓരോ സെഞ്ചുറി വീതവും നേടി. അഡെലെയ്ഡില്‍ മൂന്നു സെഞ്ചുറികളാണ് അടിച്ചത്. ബംഗ്ലാദേശിലും ഇംഗ്ലണ്ടിലും മാത്രമാണു കോഹ്‌ലിക്ക് സെഞ്ചുറി നേടാനാകാത്തത്. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ നായകന്‍ ടെസ്റ്റ് കളിച്ചിട്ടില്ല.

ക്യാപ്റ്റനെന്ന നിലയിലും വിദേശമണ്ണില്‍ കോഹ്‌ലി ഉജ്വല പ്രകടനമാണു കാഴ്ചവച്ചിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയിലുള്ള അഞ്ചു സെഞ്ചുറികളും വിദേശമണ്ണിലാണ്. ക്യാപ്റ്റന്‍മാരുടെ വിദേശത്തെ പ്രകടത്തിന്റെ കാര്യത്തില്‍ ഡോണ്‍ ബ്രാഡ്മാന്റെ തൊട്ടു പിറകിലാണു കോഹ്‌ലിയുടെ സ്ഥാനം. വിദേശ പരമ്പരകളിലെ ഏഴു ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച വിരാട് കോഹ് ലി 839 റണ്‍സാണു നേടിയത് (ശരാശരി 76.27).