29 പേരുമായി വ്യോമസേന വിമാനം കാണാതായി

08:06pm 22/7/2016

download

ന്യൂഡൽഹി: 29 യാത്രക്കാരുമായി ചെന്നൈയിൽ നിന്നും ആന്തമാനിലേക്ക് പറന്ന വ്യോമസേന വിമാനം കാണാതായി. ഇന്ന് രാവിലെ എട്ടിന് ചെന്നൈയിലെ താംബരത്ത് നിന്നും പോർട്ട് ബ്ലയറിലേക്ക് പുറപ്പെട്ട എ.എൻ32 വിമാനമാണ് കാണാതായത്. ആറ് ക്രൂ അംഗങ്ങളടക്കം 29 വ്യോമസേന ഉദ്യോഗസ്ഥരാണ് വിമാനത്തിലുണ്ടായിരുന്നത്. ചെന്നൈയിൽ നിന്ന് 280 കിലോമീറ്റർ (151 നോട്ടിക്കൽ മൈൽ) കിഴക്കു വെച്ചാണ് വിമാനവുമായുള്ള റഡാർ ബന്ധം നഷ്ടപ്പെട്ടത്.

രാവിലെ 7.46ഓടെ പറന്നുയർന്ന വിമാനവുമായുള്ള ബന്ധം 8.30തോടെ നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. റഡാറില്‍ വിമാനം അവസാനമായി കണ്ടത് 9.12 നാണെന്നും പിന്നീട് വിമാനത്തെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്. 11 മണിക്ക് പോർട്ട് ബ്ലയറിൽ വിമാനം ലാൻഡ് ചെയ്യേണ്ടതായിരുന്നു.

കര, നാവിക, തീരസംരക്ഷണ സേനകളിലെ ഒാരോ അംഗങ്ങളും അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും എട്ട് സിവിലിയൻമാരും ആറ് ജീവനക്കാരുമാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ വിമാനം 23,000 അടി ഉയരത്തിലായിരുന്നുവെന്ന് പറയുന്നു.

വ്യോമസേനയും നാവികസേനയും കോസ്റ്റ് ഗാർഡും ഊർജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും 13 കപ്പലുകളും ഒരു മുങ്ങിക്കപ്പലും ബംഗാൾ ഉൾക്കടലിൽ തിരച്ചിൽ നടത്തുനുണ്ട്. നാവികസേനയുടെ അഞ്ച് നിരീക്ഷണ വിമാനങ്ങളും സഹ്യാദ്രി, രജ്പുത്, റാൺവിജയ്, കമോത്ര, കിർച്, കര്‍മുഖ്, കോറ, കുത്താര്‍, ശക്തി, ജ്യോതി, ഘരിയല്‍, സുകന്യ എന്നീ കപ്പലുകളും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് വ്യോമസേന അറിയിച്ചു.

നൂറിലധികം റഷ്യൻ നിർമിത എ.എൻ32 യുദ്ധവിമാനം വ്യോമസേനക്കുണ്ട്. ഒരു തവണ ഇന്ധനം നിറച്ചാൽ ഏത് കാലാവസ്ഥയിലും നാല് മണിക്കൂർ തുടർച്ചയായി പറക്കാൻ ശേഷിയുള്ള വിമാനത്തിൽ ആധുനിക സംവിധാനങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ വിമാനം സ്ഥിതി ചെയ്യുന്ന സ്ഥലം തിരിച്ചറിയാനുള്ള ബീക്കൺ ലൊക്കേറ്ററും വിമാനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.