ശബ്ദമില്ലാത്തവരുടെ ശബ്ദമാകുമെന്ന് ട്രംപ്

01:12pm 22/07/2016
download (10)
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു. അമേരിക്കയിൽ ക്രമസമാധാനം പുന:സ്ഥാപിക്കുമെന്നും പാർട്ടിയെ വൈറ്റ്ഹൗസിലേക്ക് തിരിച്ചെത്തിക്കുമെന്നും ട്രംപ് നാമനിർദേശം സ്വീകരിച്ച് പ്രതിഞ്ജയെടുത്തു.

രാജ്യത്തെ കുറ്റകൃത്യങ്ങളും അക്രമങ്ങളും അവസാനിക്കാൻ പോവുകയാണ്. അമേരിക്കയിലെ സാധാരണക്കാർക്കും അമേരിക്കക്ക് തന്നെ പുതിയ ഒരു യുഗമാണ് വരാൻ പോകുന്നതെന്നും ട്രംപ് പറഞ്ഞു.

കഠിനാധ്വാനം ചെയ്യുന്ന ‘അമേരിക്ക മറന്ന’ ശബ്ദമില്ലാത്തവരുടെ ശബ്ദമാകും. പ്രസംഗത്തിൽ എതിർ സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ വിമർശിക്കാനും ട്രംപ് മറന്നില്ല. കുടിയേറ്റവും നിയമരഹിതവുമായ കാര്യങ്ങളുമാണ് ഹിലരി നിർദേശിക്കുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന കുടിയേറ്റം കാരണം ആഫ്രിക്കൻ അമേരിക്കക്കാർക്കും ലാറ്റിനമേരിക്കാർക്കും കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. പൗരൻമാർക്ക് ജോലിയും വിദ്യാഭ്യാസവും നൽകുന്നതിൽ ബറാക് ഒബാമ പരാജയപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

180000 അനധികൃത കുടിയേറ്റക്കാരാണ് രാജ്യത്ത് തുടരുന്നത്. ഇതിൽ ക്രിമിനലുകൾ ഉൾപടെയുള്ളവർക്ക് അലഞ്ഞ് നടക്കാൻ സൗകര്യങ്ങൾ ചെയ്ത് കൊടുത്തിരിക്കുകയാണ്.

അതേസമയം, ടെക്‌സസ് സെനറ്ററും പ്രൈമറിയില്‍ ട്രംപിനെതിരേ മല്‍സരിച്ച നേതാവുമായ ടെഡ് ക്രൂസ് ട്രംപിനെ പിന്തുണക്കാത്തത് വാർത്തയായിരുന്നു. സ്ഥാനാര്‍ഥിത്വമുറപ്പിച്ച ട്രംപിനെ പ്രശംസിച്ച ക്രൂസ് നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഹിതമനുസരിച്ച് വോട്ടുചെയ്യണമെന്ന് ഒഹായോയിലെ ക്ലീവ് ലാന്‍ഡില്‍ നടന്ന സമ്മേളനത്തിലെ പ്രസംഗത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരോടു പറഞ്ഞു.

മാസങ്ങള്‍ നീണ്ട തെരഞ്ഞെടുപ്പ് കാമ്പയിനൊടുവില്‍ ജോണ്‍ കാസിച്, ജെബ് ബുഷ് പോലുള്ള പ്രമുഖരുള്‍പ്പെടെ മത്സരരംഗത്തുണ്ടായിരുന്ന 17 പേരെ പിന്തള്ളിയാണ് ട്രംപ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്. ഒഹായോവിലെ ക്ളീവ്ലന്‍ഡില്‍ നടന്ന കണ്‍വെന്‍ഷനില്‍ ട്രംപ് 1725 പേരുടെ പിന്തുണ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തത്തെിയ ടെഡ് ക്രൂസിന് 475 വോട്ടുകള്‍ മാത്രമാണ് നേടാനായത്. അവസാന നിമിഷ ‘അട്ടിമറി’ ശ്രമവും അതിജീവിച്ചാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സിനെയും പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു.

ഒരു വര്‍ഷം മുമ്പാണ് 70കാരനായ ഈ ശതകോടീശ്വരന്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായുള്ള മത്സരത്തിനിടെ മുസ്ലിംകള്‍ക്ക് അമേരിക്കയിലേക്ക് വിലക്കേര്‍പ്പെടുത്തണം, മെക്സികോ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയാന്‍ വന്മതില്‍ പണിയും എന്നു തുടങ്ങി എണ്ണമറ്റ വിവാദപ്രസ്താവനകള്‍കൊണ്ട് ട്രംപ് മാധ്യമങ്ങളില്‍ നിറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ മിഷേല്‍ ഒബാമയുടെ വാക്കുകള്‍ കോപ്പിയടിച്ച ട്രംപിന്‍െറ പ്രിയ പത്നി മെലാനിയയും പുലിവാലു പിടിച്ചിരുന്നു.

നവംബര്‍ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ളിന്‍റനായിരിക്കും ട്രംപിന്‍െറ എതിരാളി. വിജയിച്ചാല്‍ രാഷ്ട്രീയ പശ്ചാത്തലമില്ലാതെ ബിസിനസ് രംഗത്തുനിന്ന് അമേരിക്കന്‍ പ്രസിഡന്‍റാകുന്ന ആദ്യ വ്യക്തിയായിരിക്കും ട്രംപ്.

അടുത്തയാഴ്ച ഫിലഡെല്‍ഫിയയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഹിലരി ക്ളിന്‍റനെ ഒൗദ്യോഗിക സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കും. എതിര്‍സ്ഥാനാര്‍ഥിയായ ബേണി സാന്‍ഡേഴ്സ് നേരത്തേ ഹിലരിയെ പിന്തുണച്ച് രംഗത്തത്തെിയിരുന്നു.