ഗുജറാത്തിലെ അക്രമം ആസൂത്രിതമെന്ന് ദലിത് സംഘടന

01:12pm 22/07/2016
download (9)
അഹ് മദാബാദ്: ഗുജറാത്തിലെ യുനയിൽ നാല് ദലിത് യുവാക്കളെ ക്രൂരമായി മർദിച്ചതിന് പിന്നിൽ മുൻവൈരാഗ്യമെന്ന് ദലിത് സംഘടന. അഹ് മദാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദലിത് അധികാർ മഞ്ച് എന്ന സംഘടന നടത്തിയ അന്വേഷണത്തിലാണ് ദലിത് യുവാൾക്കെതിരായ അതിക്രമം ആസൂത്രിതമാണെന്ന് കണ്ടെത്തിയത്.

സംഘടനയിലെ എട്ടംഗസംഘമാണ് ഇതേക്കുറിച്ച് അന്വേഷിച്ചത്. മർദനമേറ്റ യുവാക്കളിലൊരാളുടെ പിതാവിനെ ഗ്രാമത്തിലെ സർപഞ്ച് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഇപ്പോൾത്തന്നെ നിർത്തണം. ഇല്ലെങ്കിൽ ചത്ത പശുക്കൾ ജീവനോടെ എഴുന്നേറ്റുവരുമെന്നും ചത്ത പശുവിന്‍റെ തുകലെടുക്കുന്നത് ഉപജീവനമാക്കിയ ഇവർക്ക് ആറു മാസം മുമ്പ് സർപഞ്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇവരുടെ വീട് നശിപ്പിക്കുമെന്നും സർപഞ്ച് ഭീഷണിപ്പെടുത്തിയിരുന്നു.

പശുവിന്‍റെ തുകൽ എടുത്തുവെന്നാരോപിച്ച് നാല് ദലിത് യുവാക്കളെ എസ്.യു.വിൽ കെട്ടിയിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ ജൂലായ് 11നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതേതുടർന്ന് ഗുജറാത്തിൽ ദലിതുകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. സംഭവം പാർലമെന്‍റിലും വൻപ്രതിഷേധമാണ് ഉയർത്തിയത്.