ക്ഷാമമെന്ന് അഭ്യൂഹം; ഉപ്പുവാങ്ങാൻ ജനങ്ങളുടെ നെട്ടോട്ടം

02.22 AM 12/11/2016
salt_blackmarket_111116
ന്യൂഡൽഹി: ക്ഷാമം നേരിട്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് ഉപ്പുവാങ്ങാൻ ജനങ്ങളുടെ നെട്ടോട്ടം. വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിന്റെയും ഡൽഹിയിലേയും ചില ഭാഗങ്ങളിലാണ് അഭ്യൂഹം പടർന്നത്. ആളുകൾ കൂട്ടത്തോടെ ഉപ്പുവാങ്ങാൻ ഇറങ്ങിയതോടെ വില കുതിച്ചുകയറി. ചില സ്‌ഥലങ്ങളിൽ ഒരു കിലോ ഉപ്പിന് 400 രൂപവരെയായി. ഇതോടെ ലക്നോവിലെ മൊത്തക്കച്ചവട സ്‌ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. ഉപ്പിനും അവശ്യ സാധനങ്ങൾക്കും ക്ഷാമമില്ലെന്നും സർക്കാർ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് അഭ്യൂഹം പ്രചരിക്കാൻ ആരംഭിച്ചത്. ഉപ്പുവാങ്ങാൻ ഇറങ്ങിയവരെ നിയന്ത്രിക്കാൻ പോലീസിനെ നിയോഗിക്കേണ്ടിവന്നു. കിഴക്കൻ യുപിയിലെ കാൺപുർ, ഇറ്റ, ലാകിംപുർ, സിതാപുർ, മിർസാപുർ, ഫത്തേപുർ എന്നിവിടങ്ങളിലാണ് അഭ്യൂഹം പടർന്നുപിടിച്ചത്. അവിശ്യ സാധനങ്ങൾ ക്ഷാമം ഇല്ലെന്ന് ലക്നോ ജില്ലാ കളക്ടർ സത്യേന്ദ്ര സിംഗ് അറിയിച്ചു. അഭ്യൂഹം പടർത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്‌ഥാനത്ത് ഉപ്പ് ആവിശ്യാനുസരണം വിതരണം ചെയ്യാൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് സിവിൽ സപ്ലൈസ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. കരിഞ്ചന്തക്കാർക്കും അഭ്യൂഹം പടർത്തിയവർക്കും എതിരെ കർശന നടപടി സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചു.