കർണാടകത്തിൽ വീണ്ടും പൊലീസ് ആത്മഹത്യ

02.43 AM 29/10/2016
image_760x400 (1)
ബംഗളുരു: കർണാടകത്തിൽ ഒരു പൊലീസുകാരൻ കൂടി ആത്മഹത്യ ചെയ്തു. ബെലഗാവിയിലെ കിൽഗോർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ യെലപ്പ ഹന്ദിബാഗാണ് ഇന്നലെ രാത്രി തൂങ്ങിമരിച്ചത്.. യെല്ലപ്പയുടെ സഹോദരും പൊലീസ് ഓഫീസറുമായ കല്ലപ്പ ഹന്ദിബാഗ് നാല് മാസം മുന്പ് ആത്മഹത്യ ചെയ്തിരുന്നു.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ മടങ്ങിയെത്തിയ ശേഷമാണ് കിൽഗോർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ യെല്ലപ്പ ഹന്ദിബാഗ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നിരാശനാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും പറയുന്ന ആത്മഹത്യ കുറിപ്പ് യെല്ലപ്പയുടെ മൃതദേഹത്തിനടുത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. യെല്ലപ്പയുടെ സഹോദരനും ചികമംഗളുരു ഡിവൈഎസ്‍പിയുമായിരുന്ന കല്ലപ്പ ഹന്ദിബാഗ് കഴിഞ്ഞ ജൂലൈ ആറിന് ആത്മഹത്യ ചെയ്തിരുന്നു.
കല്ലപ്പയുടെ മരണത്തിന് ശേഷം യെല്ലപ്പ കടുത്ത വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു എന്ന കേസിൽ അന്വേഷണം നേരിടുന്നതിനിടെയാണ് കല്ലപ്പ ആത്മഹത്യ ചെയ്തത്. കല്ലപ്പയ്ക്കെതിരായ പരാതി വ്യാജമാണെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് യെലപ്പയുടെ ആത്മഹത്യ. ഈ മാസം ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് യെല്ലപ്പ ഹന്ദിബാഗ്. ഈ മാസം പതിനെട്ടിന് കോലാറിലെ മാലൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാഘവേന്ദ്ര സർവ്വീസ് റിവോൾവർ ഉപയോഗിച്ച് ആത്മഹത്യ ചെയ്തിരുന്നു.