ട്രാഫിക് ബ്ലോക്കില്‍പ്പെട്ട പേടിഎം ഉടമയെ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിച്ച റിക്ഷാക്കാരന് ലോട്ടറിയടിച്ചു

02.46 AM 29/10/2016
Ricksha_Puller_760x400
ലക്നോ: ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് വലഞ്ഞ പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വീട്ടിലെത്തിച്ച സൈക്കിള്‍ റിക്ഷാക്കാരന്‍ മണി റാമിന് ശരിക്കും ലോട്ടറി അടിച്ചു. ട്രാഫിക് ബ്ലോക്കില്‍ നിന്ന് വിജയ് ശേഖറിനെ രക്ഷിച്ച് തന്റെ വീട്ടിലെത്തിച്ചതിന് മണി റാമിന് 6000 രൂപ പ്രതിഫലമായി നല്‍കിയ അഖിലേഷ് യാദവ് പുതിയൊരു സൈക്കിള്‍ റിക്ഷയും ഒപ്പം പുതിയ വീടുവെയ്ക്കാന്‍ സഹായവും വാഗ്ദാനം ചെയ്തു.
മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വീടിന് സമീപമാണ് മണി റാം താമസിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ട്രാഫിക് ബ്ലോക്കിനിടെ കുര്‍ത്ത ധരിച്ചൊരു മനുഷ്യന്‍ കൈ കാട്ടി റിക്ഷയില്‍ കയറിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ വാലറ്റ് സ്റ്റാര്‍ട്ടപ്പിന്റെ ഉടമയായ വിജയ് ശേഖര്‍ ശര്‍മയാണതെന്ന് അപ്പോള്‍ മണി റാമിന് അറിയില്ലായിരുന്നു. വിജയ് ശേഖര്‍ ശര്‍മയെ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുമ്പില്‍ ഇറക്കി തിരിച്ച് മടങ്ങാനൊരുങ്ങുമ്പോഴാണ് അഖിലേഷ് യാദവ് മണി റാമിനെ വിളിച്ചത്.
എത്രകാലമായി റിക്ഷ ഓടിക്കുന്നു, എവിടെയാണ് താമസം തുടങ്ങിയ വിവരങ്ങളെല്ലാം മുഖ്യമന്ത്രി മണി റാമിനോട് ചേദിച്ചറിഞ്ഞു. താന്‍ റായ്ബറേലി സ്വദേശിയാണെന്നും തനിക്കൊരു ഓട്ടോ റിക്ഷയും വീടുമാണ് അത്യാവശ്യമായി വേണ്ടതെന്നും മുഖ്യമന്ത്രിയോട് പറഞ്ഞു. ഉടന്‍ സഹായികളെ വിളിച്ച് ദീപാവലി സമ്മാനമെന്ന നിലയില്‍ 6000 രൂപ തന്ന മുഖ്യമന്ത്രി പുതിയ റിക്ഷയും വീടും നല്‍കാമെന്നും വാഗ്ദാനം ചെയ്തു.