മക്കയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ സൗദി സുരക്ഷാസേന തകര്‍ത്തു

02.47 AM 29/10/2016
Mecca_Masjid_760x400
ജിദ്ദ: മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സുരക്ഷാസേന തകര്‍ത്തു. ആദ്യമായാണ്‌ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ ആക്രമണം നടത്തുന്നത്. ഹൂതികള്‍ക്ക് ആയുധമെത്തിക്കുന്ന ഇറാനെതിരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ സുരക്ഷാ സമിതിയോട് സൗദി ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് വിശുദ്ധ നഗരമായ മക്കയെ ലക്ഷ്യമാക്കി ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു വിട്ടത്. മക്കയ്ക്ക് അറുപത്തിയഞ്ചു കിലോമീറ്റര്‍ അകലെ വെച്ച് സൗദി സുരക്ഷാസേന മിസൈല്‍ തകര്‍ത്തതായി അറബ് സഖ്യസേന വെളിപ്പെടുത്തി.
മിസൈലിന്റെ ഉത്ഭവസ്ഥലമായ യമനിലെ സആദയിലുള്ള ഹൂതികളുടെ കേന്ദ്രവും സഖ്യസേന തകര്‍ത്തു. യമന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹൂതി ആക്രമണങ്ങള്‍ പതിവാണെങ്കിലും ആദ്യമായാണ്‌ വിശുദ്ധ നഗരമായ മക്കയെ ഹൂതികള്‍ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ റമദാനില്‍ മദീനയിലെ പള്ളിക്ക് സമീപം ചാവേര്‍ ആക്രമണം ഉണ്ടായിരിന്നു. പുണ്യനഗരങ്ങളെ ഭീകരവാദികള്‍ ലക്ഷ്യം വെക്കുന്നത് ആശങ്കയോടെയാണ് മുസ്ലിം ലോകം നോക്കിക്കാണുന്നത്.
ബുധനാഴ്ച യെമന്‍ അതിര്‍ത്തിപ്രദേശമായ ജിസാനില്‍ ഹൂതികളുടെ ആക്രമണം സഖ്യസേന തകര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രത്തില്‍ സഖ്യസേന നടത്തിയ ആക്രമണത്തില്‍ ഇരുപത് ഹൂതികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അതേസമയം ഹൂതികള്‍ക്ക് ഇറാന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നതായി യമന്‍ പ്രധാനമന്ത്രി അഹമദ് ഒബൈദ് അല്‍ ദാഗര്‍ ആരോപിച്ചു. ഇറാനിലും ലബനോലിലും വെച്ച് ആറായിരത്തിലധികം ഭീകരവാദികള്‍ക്ക് ഇതുവരെ ഇറാന്‍ പരിശീലനം നല്‍കി. യു.എന്‍ നിര്‍ദേശം ലംഘിച്ചു ഹൂതികള്‍ക്ക് ആയുധമെത്തിക്കുന്ന ഇറാനെതിരെ നടപടി സ്വീകരിക്കാന്‍ യു.എന്‍ സുരക്ഷാ സമിതിയോട് സൗദി ആവശ്യപ്പെട്ടു.