ഗീലാനിക്ക് ജാമ്യം

06:02pm 19/3/2016
download (2)

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി യൂനിവേഴ്‌സിറ്റി മുന്‍ പ്രഫസര്‍ എസ്.എ.ആര്‍.ഗീലാനിക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം അനുവദിച്ചു. 50000 രൂപയും ആള്‍ ജാമ്യത്തിലുമാണ് സ്‌പെഷ്യല്‍ ജഡ്ജ് ദീപക് ഗാര്‍ഗ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി പ്രസ് ക്‌ളബില്‍ സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് തനിക്കുമേല്‍ രാജ്യദ്രോഹക്കുറ്റം കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപക്ഷയില്‍ ഗീലാനി പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്കു വിധേയനായ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കി എന്ന കേസിലാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്. സീ ന്യൂസ് ചാനല്‍ പുറത്തുവിട്ട ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗീലാനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച വിഡിയോ ക്‌ളിപ്പില്‍ അദ്ദേഹത്തിനെതിരെ തെളിവുകളൊന്നും കണ്ടത്തൊനായില്ല. ചടങ്ങിന്റെ മുഖ്യ സംഘാടകന്‍ ഗീലാനി ആണെന്നും അദ്ദേഹത്തിന്റെ ഇമെയിലില്‍ നിന്നാണ് ഹാള്‍ ബുക്കു ചെയ്തതെന്നുമാണ് പൊലീസ് ആരോപിക്കുന്നത്.

പാര്‍ലമെന്റ് ആക്രമണ കേസില്‍ വെറുതെ വിട്ട ശേഷം രാഷ്ട്രീയ തടവുകാര്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന ഗീലാനി വേദികളിലെല്ലാം അന്യായ തടവുകള്‍ക്കും വധശിക്ഷക്കുമെതിരെ പ്രതികരിച്ചിരുന്നു.