ഗുജറാത്തിലെ ക്ഷീര കർഷകർ സൂറത്തിൽ വൻ പ്രതിഷേധം സമരം നടത്തി.

11:08 pm 19/11/2016
Farmers protest

സൂറത്ത്: കറൻസി മാറ്റം ചെയ്യുന്നതിൽ നിന്നും ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ തീരുമാനം നിലനിർത്തിയ റിസർവ് ബാങ്ക് സർക്കുലറിൽ പ്രതിഷേധിച്ച് തെക്കൻ ഗുജറാത്തിലെ ക്ഷീര കർഷകർ സൂറത്തിൽ വൻ പ്രതിഷേധം സമരം നടത്തി.

സൂററ്റ്, താപി, നവസാരി വൽസാദ് ജില്ലകളിൽ നിന്നുള്ള കർഷകരാണ് നെല്ല്, പയറുവർഗങ്ങൾ, കരിമ്പ്, പഴം, പച്ചക്കറി, പാൽ എന്നിവ സഹിതം ജില്ലാ കളക്ടറുടെ ഒാഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയത്. 50 ട്രക്കുകളിലും 150 ട്രാക്ടറുകളിലും 100 ട്രോളികളിലുമായാണ് ഇവ ഒാഫീസ് പരിസരത്ത് എത്തിച്ചത്. കർഷകർ പിന്നീട് റോഡുകളിൽ പാൽ ഒഴിച്ചും പ്രതിഷേധം നടത്തി. സഹകരണസംഘങ്ങൾ തങ്ങൾക്ക് 100 രൂപ കറൻസിയോ താഴ്ന്ന തുകകളോ നൽകുന്നില്ല എന്നും അവർ ആരോപിച്ചു.

500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിന് ശേഷം കർഷകർ ആദ്യമായാണ് ഗുജറാത്തിൽ രാഷ്ട്രീയേതര സംഘം പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ അടയാളമായണ് കർഷകർ അവരുടെ കാർഷിക ഉല്പന്നങ്ങളുമായി സമരത്തിനെത്തിയത്. സഹകരണ ബാങ്കുകളിൽ തങ്ങൾക്ക് നോട്ട് മാറ്റം അനുവദിക്കണമെന്ന് കർഷകർ ജില്ലാ ഭരണാധികാരിക്ക് നിവേദനം നൽകി. സൂറത്തിൽ രണ്ട് ലക്ഷത്തോളും കർഷർക്ക് അക്കൗണ്ടുള്ളത് സഹകരണ ബാങ്കുകളിലാണ്. പുതിയ തീരുമാനം കാരണം കർഷകർക്ക് അവരുടെ വിത്തുകളും വളവും വാങ്ങാൻ കഴിയുന്നില്ല. പാൽ റോഡുകളിൽ ഒഴിച്ചുള്ള പ്രതിഷേധത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.