ഗുർദീപ് സിങ്ങിന്‍റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല

12:42pm 29/07/2016
images
ന്യൂഡൽഹി: ഇന്ത്യൻ പൗരനായ ഗുർദീപ് സിങ്ങിന്‍റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല. വ്യാഴാഴ്ച വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു ഇന്തോനേഷ്യ അറിയിച്ചിരുന്നത്. അതേസമയം, മയക്കുമരുന്നുകേസിൽ അറസ്റ്റിലായ മറ്റ് നാല് വിദേശികളെ വ്യാഴാഴ്ച വധശിക്ഷക്ക് വിധേയമാക്കി. എന്തുകൊണ്ടാണ് ഗുർദീപിനെ ശിക്ഷക്ക് വിധേയമാക്കാത്തതെന്ന് ഇന്തോനേഷ്യ വ്യക്തമാക്കിയില്ല. എന്നാൽ സമാനമായ കേസിലെ 10 പേരെ പിന്നീട് വധശിക്ഷ വിധേയമാക്കുമെന്ന് ഇന്തോനേഷ്യ അറിയിച്ചു.

അതേസമയം, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പഞ്ചാബിലുള്ള ബന്ധുക്കളെ ഫോണിൽ വിളിച്ച് ഗുർദീപ് സിങ്ങിനെ മോചിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഗുർദീപിനെ സന്ദർശിച്ചിരുന്നുവെന്നും മോചനത്തിന് സാധ്യമായ എല്ലാ മാർഗങ്ങളും ആരായുമെന്ന് വ്യക്തമാക്കി. വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുന്നതിനായി ഇന്തോനേഷ്യൻ പ്രസിഡന്‍റിന് ദയാഹരജി നൽകുമെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

2004 ല്‍ ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്ന കടത്തിയെന്ന കുറ്റത്തിനാണ് 48 കാരനായ ഗുല്‍ദീപ് സിങ്ങിന് വധശിക്ഷ വിധിച്ചത്. പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഗുല്‍ദീപ് വിദേശികളായ മറ്റ് 14 പേര്‍ക്കൊപ്പമാണ് പിടിയിലായത്. ഗുര്‍ദീപ് ഒഴികെയുള്ള മറ്റ് 14 പേരുടെയും വധശിക്ഷ ഇതിനു മുമ്പ് നടപ്പാക്കി കഴിഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്തുകള്‍ക്കെതിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയില്‍ വധശിക്ഷ താല്‍ക്കാലികമായി നിരോധിച്ചിരുന്നെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ മറികടന്ന് മൂന്ന് വര്‍ഷം മുമ്പ് തിരികെ കൊണ്ടുവരികയായിരുന്നു.