ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കരാറിന് ഇസ്രയേലുമായി അമേരിക്ക ഒപ്പുവെച്ചു

09:44 am 15/9/2016
images (13)
അമേരിക്കയും ഇസ്രയേലും തമ്മില്‍ 10 വര്‍ഷത്തേക്കുള്ള സൈനിക സഹായ കരാര്‍ ഒപ്പുവച്ചു. 3,800 കോടി അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായമാണ് ധാരണപ്രകാരം അമേരിക്ക ഇസ്രായേലിന് നല്‍കുക. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശരാജ്യവുമായി ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ സൈനിക കരാറാണിത്.
10 മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രായേലും അമേരിക്കയും ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. അമേരിക്കയുടെ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനന്‍, നെതന്യാഹു സര്‍ക്കാരിന്റെ സുരക്ഷാസമിതി തലവന്‍ ജേക്കബ് നഗേല്‍ എന്നിവരാണ് ഇരുരാജ്യങ്ങള്‍ക്കും വേണ്ടി വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന ചടങ്ങില്‍ കരാറില്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം മിസൈല്‍ പ്രതിരോധ ഫണ്ട് ഇസ്രായേലിനുള്ള അമേരിക്കന്‍ സൈനിക സഹായത്തിലേക്ക് കൂട്ടിച്ചേര്‍ക്കും. നിലവില്‍ അമേരിക്ക 60 കോടി ഡോളറാണ് മിസൈല്‍ പ്രതിരോധത്തിനായി ഇസ്രായേലിന് പ്രതിവര്‍ഷം നല്‍കുന്നത്. ഈ തുക വര്‍ദ്ധിപ്പിച്ച് കരാറിന്റെ പരിധിയിലുള്‍പ്പെടുത്തി. ഇതുകൂടാതെ നിലവിലുള്ള യുദ്ധവിമാനങ്ങളില്‍ മിക്കതിന്റേയും പ്രഹരശേഷിയും സാങ്കേതികവിദ്യയും ഇസ്രായേല്‍ ഉയര്‍ത്തും.
കരസേനയെ കൂടുതല്‍ ആയുധങ്ങളും സംവിധാനങ്ങളുമായി സുസജ്ജമാക്കും. ഇതിനായി മുന്നൂറ് കോടിയിലേറെ ഡോളറിന്റെ സൈനിക സഹായം അമേരിക്ക പ്രതിവര്‍ഷം ഇസ്രായേലിന് നല്‍കും. 2018 വരെയാണ് കരാറിന്റെ കാലപരിധി. പുതിയ കരാര്‍ അപകടകാരികളായ അയല്‍ക്കാരുള്ള ഇസ്രായേലിന്റെ സുരക്ഷ ഉയര്‍ത്തുന്നതില്‍ വളരെ വലിയ പങ്കു വഹിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് ഒബാമക്ക് നന്ദിപറഞ്ഞ ഇസ്രായേല്‍ പ്രസിഡന്റ് ബഞ്ചമിന്‍ നെതന്യാഹു ചരിത്രപരമായ ഈ ഉടമ്പടിയും ഇസ്രായേലി സൈന്യത്തെ അടുത്ത ഒരു ദശകത്തേക്ക് കൂടുതല്‍ ബലപ്പെടുത്തുമെന്ന് പ്രതികരിച്ചു. അമേരിക്ക ഇസ്രയാല്‍ സൗഹൃദം എത്ര ദൃഢമാണെന്ന് കരാര്‍ തെളിയിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു.