ചാമ്പ്യന്‍സ് ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിപി.എസ്.ജി സമനില (22)

08:45am 8/4/2016

psg

വോള്‍ഫ്‌സ്ബര്‍ഗ് (ജര്‍മനി): എല്‍ക്‌ളാസിക്കോയില്‍ ബാഴ്‌സലോണയെ മലര്‍ത്തിയടിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ പന്ത് തട്ടാനിറങ്ങിയ റയല്‍ മഡ്രിഡിന് അടിപതറി. സ്വന്തം തട്ടകത്തില്‍ കരുത്തുകാട്ടിയ ജര്‍മന്‍ ക്‌ളബ് വോള്‍ഫ്‌സ്ബുര്‍ഗ് 20ത്തിനാണ് സിനദിന്‍ സിദാന്റെ ശിഷ്യരെ കീഴടക്കിയത്. 25 മിനിറ്റിനിടെ വീണ രണ്ടു ഗോളുകളാണ് 12 വര്‍ഷത്തിനുശേഷം ആദ്യമായി അവസാന എട്ടിലെ പോരാട്ടത്തില്‍ റയലിന് തോല്‍വി സമ്മാനിച്ചത്. 18ാം മിനിറ്റില്‍ റിക്കാഡോ റോഡ്രിഗസും 25ാം മിനിറ്റില്‍ മാക്‌സ് ആര്‍ണോള്‍ഡുമാണ് ഫോക്‌സ്വാഗന്‍ അറീനയില്‍ ആവേശം വിതറിയ ഗോളുകള്‍ സ്വന്തമാക്കിയത്. കരീം ബെന്‍സേമക്ക് പരിക്കേറ്റത് റയലിന് ഇരട്ടപ്രഹരവുമായി. രണ്ടു ഗോളിന്റെ കടംപേറി നാട്ടിലേക്ക് വിമാനം കയറിയ റയലിന് ഈ മാസം 12ന് നടക്കുന്ന രണ്ടാംപാദം ഇതോടെ ജീവന്മരണ പോരാട്ടമായി. 1987ല്‍ അന്നത്തെ യൂറോപ്യന്‍ കപ്പ് ക്വാര്‍ട്ടറില്‍ റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡിനോട് ആദ്യപാദത്തില്‍ രണ്ടു ഗോളിന് പിന്നിലായശേഷം തിരിച്ചുവന്ന ചരിത്രം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റയല്‍ ആരാധകര്‍.

പാരിസിനെ പുളകമണിയിച്ച തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജര്‍മെയ്‌നും (പി.എസ്.ജി) ഇംഗ്‌ളീഷ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയും 22ന് ആദ്യപാദം സമനിലയിലവസാനിപ്പിച്ചു. പി.എസ്.ജി സൂപ്പര്‍ താരം സ്‌ളാറ്റന്‍ ഇബ്രാഹിമോവിച്ച് പെനാല്‍റ്റി കിക്ക് പാഴാക്കിയ അങ്കത്തില്‍ കെവിന്‍ ഡി ബ്രൂയിനും (38ാം മിനിറ്റ്) ഫെര്‍ണാണ്ടിന്യോയും (72ാം മിനിറ്റ്) സിറ്റിയുടെ ഗോളുകള്‍ നേടി. പെനാല്‍റ്റി പിഴവിന് പ്രായശ്ചിത്തം ചെയത് ഇബ്രാഹിമോവിച്ചും (41ാം മിനിറ്റ്) പിന്നീട് അഡ്രിയാന്‍ റാബിയോട്ടും (59ാം മിനിറ്റ്) ആതിഥേയര്‍ക്കായി വലകുലുക്കി.

സ്പാനിഷ് ലീഗില്‍ കിരീടപ്രതീക്ഷ കെട്ടടങ്ങിയ റയലിന് ഏക പിടിവള്ളി ചാമ്പ്യന്‍സ്ലീഗ് മാത്രമായിരുന്നു. എല്‍ക്‌ളാസിക്കോയില്‍ ബാഴ്‌സക്കെതിരെ വിജയഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വോള്‍ഫ്‌സ്ബുര്‍ഗിനെതിരെ രണ്ടാം മിനിറ്റില്‍തന്നെ ബെന്‍സേമയുടെ പാസ് സ്വീകരിച്ച് വലകുലുക്കിയെങ്കിലും എതിരാളികളുടെ ഓഫ്‌സൈഡ് കെണിയില്‍ കുടുങ്ങി. പിന്നീട് ഗാരത് ബെയ്‌ലും ചില മുന്നേറ്റങ്ങളിലൂടെ റയല്‍ ആരാധകരില്‍ ആവേശമുണര്‍ത്തി. കളിയുടെ 12ാം മിനിറ്റിലാണ് വോള്‍ഫ്‌സ്ബുര്‍ഗ് ഉണര്‍ന്നത്. ഹെന്റിക്വയുടെ ഹെഡര്‍ റയല്‍ ഗോളി ജീസസ് നവാസ് അനായാസം രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് ആന്ദ്രെ ഷൂളിനെ പിന്നില്‍ നിന്ന് കാസെമിറോ വീഴ്ത്തിയതിന് വോള്‍ഫ്‌സ്ബുര്‍ഗിന് പെനാല്‍റ്റി കിക്ക് കിട്ടി. റിക്കാഡോ റോഡ്രിഗസ് പന്ത് വലയിലാക്കിയതോടെ കളിയുടെ ഗതിക്ക് വിപരീതമായി റയല്‍ പിന്നിലായി.

തുടര്‍ന്നും റയല്‍ തന്നെയാണ് പന്ത് കൈയടക്കിയത്. എന്നാല്‍, 25ാം മിനിറ്റില്‍ വോള്‍ഫ്‌സ്ബുര്‍ഗിന്റെ രണ്ടാം ഗോളും പിറന്നു. റയലിന്റെ പിന്‍നിരയുടെ ദൗര്‍ബല്യം വെളിവാക്കി ഹെന്റിക്വയുടെ പാസില്‍നിന്നാണ് പെനാല്‍റ്റി ബോക്‌സിന്റെ അരികില്‍നിന്ന് ആര്‍നോള്‍ഡ് വെടിയുതിര്‍ത്തത്. രണ്ടാം ഗോളോടെ ഫോക്‌സ്വാഗണ്‍ അറീന ആഘോഷപ്പൂരപ്പറമ്പായി. പിന്നാലെ മൂന്നാം ഗോളില്‍നിന്ന് റയല്‍ രക്ഷപ്പെട്ടു. 41ാം മിനിറ്റില്‍ ബെന്‍സേമ പുറത്തുപോയത് റയലിന് മറ്റൊരു തിരിച്ചടിയായി. പത്താം മിനിറ്റില്‍ ഈ താരത്തിന് കാലിന് പരിക്കേറ്റിരുന്നു. ജെസി റോഡ്രിഗസ് പകരമിറങ്ങി.
രണ്ടാം പകുതിയില്‍ റൊണാള്‍ഡോ രണ്ടവസരങ്ങള്‍ പാഴാക്കി. മറുഭാഗത്ത് ഷൂള്‍ റയല്‍ നിരയില്‍ ഭീതിവിതക്കുകയും ചെയ്തു. ഒരു എവേ ഗോളെങ്കിലും നേടാന്‍, പത്തുവട്ടം യൂറോപ്യന്‍ ജേതാക്കളായ റയല്‍ ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.