വധശിക്ഷ; കണക്കുകള്‍ ചൈന രഹസ്യമായി സൂക്ഷിക്കുന്നു

08:47am 8/4/2016
download

ലണ്ടന്‍: രാജ്യത്ത് നടത്തുന്ന വധശിക്ഷയുടെ കണക്കുകള്‍ ചൈന രഹസ്യമാക്കി സൂക്ഷിക്കുന്നതായി മനുഷ്യാവകാശ സംഘടന ആംനെസ്റ്റി. വധശിക്ഷയുടെ എണ്ണം ചൈന പുറത്തുവിടുന്നില്ലെന്നും ആംനെസ്റ്റി പറയുന്നു. വധശിക്ഷകള്‍ രാജ്യത്തിന്റെ രഹസ്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്.
2015 ല്‍ ലോക രാജ്യങ്ങള്‍ വധശിക്ഷ നടപ്പാക്കിയതിനെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ഉത്തരകൊറിയ മനുഷ്യാവകാശ സംഘടനകളുമായി ഒരുതരത്തിലും സഹകരിക്കുന്നില്ലെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു.
കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ലോകത്ത് ഏറ്റവുമധികം ആളുകളെ വധിച്ച രാജ്യം ചൈനയാണെന്നാണ് കരുതപ്പെടുന്നത്. 1989 ന് ശേഷം 2015 ല്‍ ആണ് ഏറ്റവും അധികം ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 2014 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 54 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലഭിച്ച രേഖകള്‍ അനുസരിച്ച് 2015ല്‍ ലോകത്താകെ 1634 വധശിക്ഷകളാണ് നടപ്പിലാക്കിയത്. 2014 ല്‍ ഇത് 1061 ആയിരുന്നു. ഇറാന്‍,പാക്കിസ്ഥാന്‍ , സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കിയത്.