നഴ്‌സ് റിക്രൂട്ട്‌മെന്റ് : സ്വകാര്യ ഏജന്‍സികളെ വീണ്ടും പരിഗണിച്ചേക്കും

08:49am 8/4/2016
images (2)
ന്യൂഡല്‍ഹി: വിദേശത്തേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഉദ്യോഗാര്‍ഥികളുടെയും സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സികളുടെയും ആവശ്യങ്ങള്‍കൂടി പരിഗണിച്ചായിരിക്കും വിജ്ഞാപനം ഭേദഗതി ചെയ്യുകയെന്നു പ്ര?ട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നഴ്‌സ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണു പ്ര?ട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു.
അതേസമയം, വിദേശത്ത് വളരെയേറെ ജോലിസാധ്യതകളുണ്ടാവുകയും അതിനനുസരിച്ച് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു സാധിക്കാതെ വരികയും ചെയ്തു. നിരവധി നഴ്‌സുമാര്‍ക്ക് വിദേശജോലി അവസരം നഷ്ടപ്പെടുകയും ചെയ്തു.
ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ വിദേശജോലിക്കു ശ്രമിക്കുന്ന കേരളം പലവട്ടം കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തെ സമീപിച്ച് പരാതി ഉന്നയിച്ചിരുന്നു.
ഇതിനുശേഷം കേരളം സന്ദര്‍ശിച്ച പ്രാട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് വിജ്ഞാപനത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനമുണ്ടായത്. അതിനിടെ ഉദ്യോഗാര്‍ഥികളും സ്വകാര്യ ഏജന്‍സികളും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ക്രമക്കേടുകള്‍ നടത്തുന്ന ഏജന്‍സികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയത്തിന് അധികാരമുണ്ടെന്നിരിക്കെ ഒറ്റയടിക്ക് എല്ലാ ഏജന്‍സികള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ കോടതിയില്‍ വാദിച്ചു. ഈ മാസം 27 ന് കോടതി വീണ്ടും കേസ് പരിഗണിക്കും.