ജമ്മുകാഷ്മീരില്‍ വീണ്ടും സംഘര്‍ഷം

06.33 PM 04-09-2016
Kashmir_unrest_040916
ജമ്മുകാഷ്മീരില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം എത്തിയതിനു പിന്നാലെ വീണ്ടും സംഘര്‍ഷം. സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ കാഷ്മീര്‍ താഴ്‌വരയില്‍ ഏറ്റുമുട്ടി. ഞായറാഴ്ച രാവിലെ ഷോപ്പിയാനിലായിരുന്നു സംഘര്‍ഷം അരങ്ങേറിയത്. ഷോപ്പിയാനിലെ ജില്ലാ ഭരണകേന്ദ്രത്തിനു പ്രതിഷേധക്കാര്‍ തീയിട്ടു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉള്‍പ്പെടെ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പ്രതിഷേധക്കാര്‍ തീയിട്ടത്. സംഭവ സമയത്ത് ഓഫീസുകളില്‍ ജീവനക്കാരുണ്ടായിരുന്നില്ല. അതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. പ്രതിഷേധ റാലി പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സഘര്‍ഷത്തില്‍ നൂറിലേറെ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷം തുടര്‍ച്ചയായ 59 -ാം ദിവസവും കാഷ്മീര്‍ അശാന്തമാണ്. ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല.
സമാധാന ചര്‍ച്ചകള്‍ക്കായി കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എംപിമാരടക്കം 30 പേരുടെ സര്‍വക്ഷി സംഘമാണ് കാഷ്മീരിലെത്തിയത്. രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് സര്‍വകക്ഷി സംഘത്തിന്റേത്. സര്‍വകക്ഷിസംഘവുമായി ചര്‍ച്ച നടത്താന്‍ വിഘടനവാദി നേതാക്കളെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ക്ഷണിച്ചിട്ടുണ്ട്. കാഷ്മീര്‍ താഴ്‌വരയിലെ പന്ത്രണേ്ടാളം വിഘടനവാദി നേതാക്കള്‍ക്കും മതസംഘടനകള്‍ക്കുമാണ് മെഹബൂബ കത്തെഴുതിയത്.