ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ പരിശോധിച്ചു.

09:17 am 1/10/2016
images (2)

ചെന്നൈ: ഒമ്പതു ദിവസമായി ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ ലണ്ടനിൽ നിന്നെത്തിയ വിദഗ്ധ ഡോക്ടർ പരിശോധിച്ചു. ലണ്ടനിലെ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടറായ ജോൺ റിച്ചാർഡ് ബെയ് ലിയാണ് പരിശോധന നടത്തിയത്. തീവ്രപരിചരണം, അനസ്തേഷ്യ എന്നിവയിൽ വിദഗ്ധനാണ് ജോൺ റിച്ചാർഡ്.

വെള്ളിയാഴ്ച രാത്രിയോടെയാണ് ജോൺ റിച്ചാർഡ് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ പരിശോധിച്ചത്. തുടർ പരിശോധനക്കായി രണ്ടു ദിവസം കൂടി ജോൺ റിച്ചാർഡ് ചെന്നൈയിൽ തങ്ങും. എന്നാൽ, ജോൺ റിച്ചാർഡിന്‍റെ സന്ദർശനം സംബന്ധിച്ച് അണ്ണാ ഡി.എം.കെയോ ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല.

സെപ്റ്റംബർ 22നാണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒമ്പതു ദിവസമായി ആശുപത്രിയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് തമിഴ്നാട്ടിലും സാമൂഹ്യ മാധ്യമങ്ങളിലും അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ ജയലളിതയുടെ ആരോഗ്യ​ പുരോഗതിയെ കുറിച്ച്​ ജനങ്ങൾക്ക്​ നിരന്തരം വിവരം കൈമാറണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.