ജയില്‍ വകുപ്പില്‍ കൂട്ട സ്ഥലംമാറ്റം; പ്രതികാര നടപടിയെന്ന് ആക്ഷേപം

08:45 am 10/09/2016
images (3)
തിരുവനന്തപുരം: സംസ്ഥാന ജയില്‍ വകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം. പ്രതിപക്ഷ അനുകൂലസംഘടനാ നേതാക്കളെ തിരഞ്ഞുപിടിച്ച് സ്ഥലംമാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്നവരെപ്പോലും ഒഴിവാക്കിയിട്ടില്ലത്രെ. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശങ്ങള്‍ മറികടന്നുള്ള തീരുമാനങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടി ആസ്ഥാനം കേന്ദ്രീകരിച്ചുള്ള നടപടികളാണെന്നും ആക്ഷേപമുണ്ട്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് കേരള ജയില്‍ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റായിരുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ട് പുരുഷോത്തമനെ പാലാ സബ്ജയിലിലേക്ക് സ്ഥലംമാറ്റിയത് വ്യക്തിവിരോധത്തിന്‍െറ ഭാഗമാണത്രെ. ഇദ്ദേഹത്തിന് വിരമിക്കാന്‍ ഇനി ഒരുവര്‍ഷമാണുള്ളത്.

കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍െറ ബന്ധുവായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയന്‍റ് സൂപ്രണ്ട് അശോകന്‍ അരിപ്പയെ പത്തനംതിട്ടയിലേക്ക് മാറ്റി. കോണ്‍ഗ്രസ് അനുകൂല പ്രവര്‍ത്തകയായ ഫീമെയില്‍ അസിസ്റ്റന്‍റ് സൂപ്രണ്ട് ഗീതയെ വിരമിക്കാന്‍ എട്ടുമാസം മാത്രം ശേഷിക്കെ, കണ്ണൂരില്‍നിന്ന് വയനാട് വൈത്തിരിയിലേക്ക് മാറ്റിയതും കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്.
ഭരണമാറ്റമുണ്ടായതോടെ എല്‍.ഡി.എഫ് അനുകൂല നേതാക്കള്‍ സ്ഥലംമാറ്റപട്ടിക തയാറാക്കി മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാല്‍ സംഘടനാപ്രവര്‍ത്തകര്‍ ജീവനക്കാരുടെ ക്ഷേമകാര്യങ്ങള്‍ മാത്രംനോക്കിയാല്‍ മതിയെന്നും മറ്റു കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പറഞ്ഞ് മുഖ്യമന്ത്രി അവരെ മടക്കി. തുടര്‍ന്ന് നേതാക്കള്‍ പാര്‍ട്ടി സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
പാര്‍ട്ടി ഇടപെട്ടിട്ടും മാനദണ്ഡങ്ങള്‍ മറികടക്കേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് പ്രതികാരനടപടികള്‍ക്കിരയായ എല്‍.ഡി.എഫ് അനുഭാവികളുടെ കാര്യം പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതു മറയാക്കി ചിലര്‍ നടത്തിയ നീക്കങ്ങളാണ് പ്രതികാര സ്ഥലംമാറ്റങ്ങള്‍ക്കിടയാക്കിയതെന്നാണ് ആരോപണം.