ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി

01.14 AM 06-09-2016
Modi_G20_760x400ബീജിംഗ്: ജി 20 ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണേഷ്യയിലെ ഒരു രാജ്യം തീവ്രവാവാദം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ജി 20 ഉച്ചകോടിയുടെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാനെ വിമര്‍ശിച്ചത്.
ദക്ഷിണേഷ്യയിലെ ഒരു രാജ്യം തീവ്രവാദം നയമായി സ്വീകരിച്ചിരിക്കുകയാണ്. ഈ രാജ്യം തീവ്രവാദികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. നേരത്തെ ബ്രിക്‌സ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും മോദി പാകിസ്ഥാനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയിരുന്നു.
അഴിമതിക്കും കള്ളപ്പണത്തിനും എതിരെ യോജിച്ച പ്രവര്‍ത്തനം വേണമെന്ന് നരേന്ദ്ര മോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. സദ്ഭരണത്തിന് നികുതി വെട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.സാമ്പത്തിക കുറ്റവാളികളുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടപ്പിലാക്കുന്ന നയങ്ങളെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രശംസിച്ചതും ശ്രദ്ധേയമായി. ഇന്ത്യയുടെ സാമ്പത്തിക, ഊര്‍ജ നയങ്ങള്‍ മാതൃകാപരമെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു.