തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിനെ പരോഷമായി പിന്തുണച്ച് രാഷ്ട്രപതി

01.13 AM 06-09-2016
pranab_760x400
ദില്ലി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനെ പരോഷമായി പിന്തുണച്ച് രാഷ്ട്രപതി.പലസമയത്തായി നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നത് വികസനത്തെ ബാധിക്കുന്നു.അധ്യാപക ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തപ്പോഴാണ് പ്രണബ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്.
വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. പല ഭാഗത്തും പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരം കാണാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് രാഷ്ട്രപതിയുടെ അഭിപ്രായപ്രകടനം.
രാജ്യത്തെ വളര്‍ച്ചാനിരക്ക് ഗണ്യമായി വര്‍ദ്ധിച്ചു. ഇന്ത്യ ലോകത്തെ തന്നെ പ്രധാനശക്തിയായി മാറി. എന്നാല്‍ 1947 മുതല്‍ ഇന്ത്യയും അയല്‍രാജ്യങ്ങളും ഭീകരവാദത്തിന്റ ഇരകളാണെന്നും രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയിലെയും പാകിസ്ഥാനിലേയും ബംഗ്ലാദേശിലെയും പ്രമുഖരായ പല ഭരണാധികാരികളും അവരുടെ ബന്ധുക്കളും കൊല്ലപ്പെട്ടു. ഇത് ഗൗരവത്തോടെ കാണണം. അധ്യാപക ദിനത്തില്‍ ഡോ രാജേന്ദ്ര പ്രസാദ് സര്‍വ്വോദയാ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് പ്രണാബ് മുഖര്‍ജി ക്ലാസ്സ് എടുത്തത്.