ജ്യേഷ്ഠനൊപ്പം ആദ്യ കുര്‍ബാന സ്വീകരിക്കാന്‍ ഇനി റിച്ചിയില്ല

11.57 PM 26-04-2016

കെ.പി വൈക്കം
child_murder_st_042615
കൊച്ചി: പുതുവസ്ത്രങ്ങള്‍ ധരിച്ച് ജ്യേഷ്ഠനൊപ്പം ആദ്യ കുര്‍ബാന സ്വീകരിക്കാന്‍ ഇനി റിച്ചിയില്ല. കൂട്ടുകാര്‍ക്കൊപ്പം അവധി ആഘോഷിക്കാനും അവനുണ്ടാവില്ല. കളിചിരി മായാത്ത ആ ഓമന മുഖത്ത് നിന്ന് ചൈതന്യം മറഞ്ഞില്ല. മയക്കുമരുന്നിനടിമയായ മനോരോഗിയുടെ ക്രൂരതയില്‍ വീടിന്റെ വിളിപ്പാടകലെവച്ച് പിടഞ്ഞ് തീര്‍ന്നത് ജ്യേഷ്ഠന്‍ ഏയ്ബിളിന്റെ മാത്രമല്ല, നാട്ടുകാരുടെ അരുമയായിരുന്നു. ആദ്യ കുര്‍ബാന സ്വീകരണ ആഘോഷത്തിനായി വീട്ടുമുറ്റുത്തുയരേണ്ട പന്തല്‍ മരണ പന്തലായി മാറി.
പുല്ലേപ്പടിയിലെ കടയില്‍ നിന്നും വീട്ടിലേക്ക് പാലുംമുട്ടയും പതിവായി വാങ്ങാന്‍ പോയിരുന്നത് ഏയ്ബളായിരുന്നു. എന്നാല്‍ ഏയ്ബിളിന് സുഖമില്ലാത്തതിനാല്‍ റിസ്റ്റി(റിച്ചി)യാണ് ഇവ വാങ്ങാന്‍ പോയത്. തിങ്കളാഴ്ച രാവിലെ ഏഴോടെ പാലും മുട്ടയും പ്രിയപ്പെട്ട ലെയ്‌സും വാങ്ങി സന്തോഷത്തോടെ തിരിച്ചെത്തിയ അവനെ കാത്തിരുന്നത് അജി ദേവസ്യയുടെ കത്തിയായിരുന്നു. 17ഓളം കുത്തേറ്റ ആ കുരുന്നിന്റെ നിലവിളി തൊണ്ടയില്‍ കുരുങ്ങി ഇല്ലാതായി. ആദ്യകുത്ത് കഴുത്തില്‍ വലിയ മുറിവേല്‍പ്പിച്ചതോടെ ശബ്ദം നിലച്ചു. രക്തം ചുറ്റുപാടും ചിതറി. ഈ സമയമത്രയും കുട്ടിയെ കെട്ടിപ്പിടിച്ച് അജി കുത്തുകയായിരുന്നുവെന്ന് സാക്ഷിയായ ആനി പറയുന്നത്. ഇവര്‍ ഒച്ചവച്ചതോടെ കുട്ടിയെ നിലത്തിട്ട് അജി നടന്നുപോയി. പിന്നീട് വീടുകളില്‍ നിന്നും ആളുകളെത്തിയെങ്കിലും ആരും സമീപത്തേക്ക് അടുത്തില്ല.
ശനിയാഴ്ചയായിരുന്നു റിസ്റ്റിയുടെയും ഏയ്ബിളിന്റെയും ആദ്യ കുര്‍ബാന സ്വീകരിക്കല്‍ ചടങ്ങ് നടത്താനിരുന്നത്. മക്കളുടെ ആദ്യ കുര്‍ബാനയ്ക്ക് എല്ലാ ഒരുക്കങ്ങളും ഓട്ടോതൊഴിലാളിയായ ജോണും ലിനിയും പൂര്‍ത്തിയാക്കുന്നതിനിടെയാണ് അരുംകൊല. ബന്ധുക്കളെയും അയല്‍വാസിയായ അജിയേയും കുടുംബത്തേയും ക്ഷണിച്ചിരുന്നു. 300 കുട്ടികളാണ് ശനിയാഴ്ച ആദ്യകുര്‍ബാന സ്വീകരിക്കാന്‍ ഒരുങ്ങിയിരുന്നത്. റെയില്‍വേ പാളത്തിന് അപ്പുറത്തുള്ള അജിയുടെ കുടുംബവുമായി ജോണിന് നല്ല ബന്ധമായിരുന്നു. ആദ്യകുര്‍ബാനയ്ക്ക് തയ്യാറായിരുന്ന റിച്ചിയുടെ അകാലവേര്‍പാട് കുടുംബത്തിന് താങ്ങാനായില്ല. മെയ് 16ന് പിറന്നാള്‍ ദിനമാണ്.