ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ഇന്ത്യയിലെത്തി; വില 6.43 ലക്ഷം

09:40 am 16/9/2016
images (15)
മുംബൈ: ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ചെറുകാര്‍ എത്തിയോസിന്‍റെ പുതിയ വേര്‍ഷന്‍ ഇന്ത്യയിലെത്തി. എത്തിയോസ് പ്ലാറ്റിനം എന്നു പേരിട്ടിരിക്കുന്ന കാറിന്‍റെ വില 6.43 ലക്ഷം രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡിഎല്‍എക്സ്, ഹൈ, പ്രീമിയം എന്നീ വേരിയന്‍റുകളിലാണ് എത്തിയോസ് പ്ലാറ്റിനം വിപണിയെലെത്തുന്നത്.

1.5 ലിറ്റര്‍ പെട്രോള്‍ , 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പ്ലാറ്റിനം ഇറങ്ങുന്നത്. 90 bhp കരുത്തും 132Nm ടോര്‍ഖും പെട്രോള്‍ എഞ്ചിന്‍ നല്‍കുമ്പോള്‍ 68bhp കരുത്തും 170Nm ടോര്‍ഖും ഡീസല്‍ എഞ്ചിന്‍ നല്‍കും. 16.78 കിലോമീറ്റര്‍ മൈലേജ് പെട്രോള്‍ എഞ്ചിനുകള്‍ക്ക് കമ്പനി ഉറപ്പു നല്‍കുമ്പോള്‍ ഡീസല്‍ എത്തിയോസ് പ്ലാറ്റിനത്തിന് 23.59 കിലോമീറ്റര്‍ ലഭിക്കും.

വി ആകൃതിയിലുള്ള ഫ്രണ്ട് ഗ്രില്‍, പരിഷ്കരിച്ച ഫ്രണ്ട് ബംപര്‍, റൗണ്ട് ഫോഗ് ലൈറ്റുകള്‍ തുടങ്ങിയവ പുതിയ എത്തിയോസിന്‍റെ പ്രത്യേകതകളാണ്. 15 ഇഞ്ച് ഡയമണ്ടാകൃതിയിലുള്ള അലോയ് വീലുകള്‍ വശങ്ങളിലെ ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവയും ശ്രദ്ധേയമാണ്.
images (14)

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ഫിഗോ ആസ്പെര്‍, ടാറ്റ സെറ്റ്, ഹ്യുണ്ടായി എക്സെന്‍റ് തുടങ്ങിയ കാറുകളില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ് എത്തിയോസ് പ്ലാറ്റിനം എന്നാണ് ടൊയോട്ടയുടെ അവകാശവാദം.