ട്രംപിനെതിരെ പ്രതിഷേധം; സാൻഡിയാഗോ റാലിക്കിടെ സംഘർഷം, കല്ലേറ്

05:13 PM 28/05/2016
download (2)
സാൻഡിയാഗോ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്‍റെ റാലിക്കിടെ സംഘർഷം. സാൻഡിയാഗോയിൽ നടന്ന റാലിയിൽ ട്രംപ് അനുകൂലികളും എതിരാളികളും തമ്മിൽ ഏറ്റുമുട്ടി. സാൻഡിയാഗോ നഗരത്തിലെ കൺവെൻഷൻ സെന്‍ററിന് പുറത്തുണ്ടായ സംഘർഷത്തിനിടെ ഇരുവിഭാഗങ്ങളും കല്ലുകളും വെള്ളകുപ്പികളും വലിച്ചെറിഞ്ഞു. പൊലീസിന് നേരെ പ്രക്ഷോഭകർ തിരിഞ്ഞതോടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. സംഭവത്തിൽ 35 പേരെ സാൻഡിയാഗോ പൊലീസ് അറസ്റ്റ് ചെയ്തു.

നിയമവിരുദ്ധമായി രാജ്യത്ത് കടന്നുകയറുന്ന കുടിയേറ്റക്കാരെ തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കണമെന്ന ട്രംപിന്‍റെ പ്രസ്താവന യു.എസിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതാണ് മെക്സിക്കൻ അതിർത്തിക്ക് സമീപമുള്ള സാൻഡിയാഗോയിൽ ട്രംപ് സംഘടിപ്പിച്ച റാലിക്കെതിരെ പ്രതിഷേധം ഉയരാൻ ഇടയാക്കിയത്.

ജൂൺ ഏഴിന് നടക്കുന്ന കാലിഫോർണിയ പ്രൈമറിയുടെ ഭാഗമായി മെക്സിക്കൻ അതിർത്തിക്ക് സമീപം റാലി നടത്താൻ ട്രംപ് തീരുമാനിച്ചിട്ടുണ്ട്. സാൻഡിയാഗോയിലെ ജനസംഖ്യയിൽ മൂന്നിലൊരു വിഭാഗം ലാറ്റിനമേരിക്കകാരാണ്. അതിർത്തി വഴി ആയിരകണക്കിന് മെക്സിക്കൻ പൗരന്മാരാണ് ദിനംപ്രതി യു.എസിലേക്ക് കുടിയേറുന്നത്.

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നോമിനിയാകാനുള്ള 1237 പ്രതിനിധികളുടെ പിന്തുണ ട്രംപ് ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. ആകെയുള്ള 2472 പ്രതിനിധികളിൽ 1239 പേരുടെ പിന്തുണ ട്രംപിന് ലഭിച്ചിട്ടുണ്ട്. അതേസമയം, ഡെമോക്രറ്റിക് പാർട്ടി നോമിനിയാകാനുള്ള മത്സരത്തിൽ ഹിലരി ക്ലിന്‍റൻ മുന്നേറുന്നു. ഹിലരി 2310 പേരുടെ പിന്തുണ നേടിയപ്പോൾ മുഖ്യ എതിരാളി സാൻഡേഴ്സിന് 1542 പേരുടെ പിന്തുണയാണ് ഇതുവരെ ലഭിച്ചത്. പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്.