തമിഴ്നാട്ടിൽ മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

05:13 PM 28/05/2016
Sudhir Shetty_1
ന്യൂഡല്‍ഹി: പണവും പാരിതോഷികങ്ങളും വ്യാപകമായി വിതരണം ചെയ്തതിനെ തുടര്‍ന്ന് മാറ്റിവെച്ച തമിഴ്‌നാട്ടിലെ അരുവാകുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി. ഈ മണ്ഡലങ്ങളിലെ പത്രിക സമര്‍പ്പണം അടക്കമുള്ളവ വീണ്ടും നടത്താനായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ തെരഞ്ഞെടുപ്പ് കമീഷന്‍ നിർദേശം നൽകി. പുതുക്കിയ തീയതി പീന്നീട് പ്രഖ്യാപിക്കും. രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി പത്രികാ സമര്‍പ്പണം അടക്കമുള്ളവ പുതുക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത്.

മെയ് 16ല്‍ തമിഴ്നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാൻ നിയമവിരുദ്ധ മാർഗങ്ങൾ സ്വീകരിച്ചെന്ന് കണ്ടെത്തിയതോടെയാണ് രണ്ട് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആദ്യം മെയ് 23ലേക്ക് മാറ്റിയത്. തുടർന്ന് ജൂണ്‍ 13ന് വോട്ടെടുപ്പ് നടത്താൻ പുനർനിശ്ചയിച്ചു. ഈ തീരുമാനമാണ് കമീഷൻ പൂർണമായി റദ്ദാക്കിയത്.

അരുവാകുറിച്ചിയിലെ ഡി.എം.കെ സ്ഥാനാർഥിയുടെ വീട്ടില്‍ നിന്നും ഒരു കോടി രൂപയും എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥിയുടെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയും തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രത്യേക സ്ക്വാഡ് പിടിച്ചെടുത്തിരുന്നു. ഇതുകൂടാതെ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ച മുണ്ടുകളും സാരികളും പരിശോധനയിൽ കണ്ടെത്തിയിരുന്നു.