ട്രംപിന്റെ തെരഞ്ഞെടുപ്പ് വെബ് സൈറ്റിൽനിന്നു മുസ്ലിം വിരുദ്ധ പരാമർശം നീക്കി

01.25 PM 11/11/2016
trump-muslim
വാഷിംഗ്ടൺ ഡിസി: മുസ്ലിം വിരുദ്ധ പ്രസ്താവനയിലൂടെ സർവരെയും ഇളക്കിമറിച്ച് തെരഞ്ഞെടുപ്പ് ഗോദയിലേക്കെത്തി ഇപ്പോൾ അമേരിക്കയുടെ നിയുക്‌ത പ്രസിഡന്റായി നിൽക്കുന്ന ഡോണൾഡ് ട്രംപ് തന്റെ നിലപാടിൽ മാറ്റംവരുത്തുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങി. അമേരിക്കയിലേക്ക് മുസ്ലിംകൾ വരുന്നത് നിരോധിക്കും എന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പ് കാമ്പയിനിംഗ് വെബ് സൈറ്റിൽ നല്കിയിരുന്ന പ്രസ്താവന പിൻവലിച്ചു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നാണ് ഇതു പിൻവലിക്കുന്നതെന്നാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിന്റെ മറുപടി.

മുസ്ലിംകൾ അമേരിക്കയിൽ എത്തുന്നത് തടയുമെന്ന വിവാദ പ്രസ്താവനയിലൂടെയാണ് ട്രംപ് തെരഞ്ഞെടുപ്പ് മുഖ്യധാരയിലേക്കെത്തിയത്. പ്രസിഡന്റ് സ്‌ഥാനാർഥിയാകാൻ നാലു ശതമാനം മാത്രം സാധ്യത കൽപ്പിക്കപ്പെട്ട ട്രംപ് ഇപ്പോൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

വെബ് സൈറ്റിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. സാൻ ബെർണാഡീനോയിലെയും കലിഫോർണിയയിലെയും ഭീകരാക്രമണങ്ങളെത്തുടർന്നാണ് കഴിഞ്ഞ ഡിസംബറിൽ അത്തരമൊരു വാഗ്ദാനം നല്കേണ്ടിവന്നതെന്നും ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിലുള്ളവർ പ്രതികരിച്ചു.