പള്ളിയിൽ പോയ വയോധികയുടെ മാല പൊട്ടിച്ചു

01.24 PM 11/11/2016
snatch_1111
തൊടുപുഴ: രാവിലെ കുർബാനയ്ക്കായി പള്ളിലേക്കു പോയ വൃദ്ധയുടെ മാല കവർന്നു. വണ്ടമറ്റം വാണിയക്കിഴക്കേൽ മേരി വർഗീസ് (72) ന്റെ അഞ്ചു പവന്റെ മാലയാണ് കള്ളൻ പൊട്ടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ 6.15നായിരുന്നു സംഭവം. രാവിലത്തെ കുർബാനയ്ക്കായി വണ്ടമറ്റം പള്ളിലേക്കു നടന്നു പോവുകയായിരുന്ന വൃദ്ധയുടെ മാലയാണ് സ്കൂട്ടറിലെത്തിയ ഹെൽമറ്റ്ധാരി കവർന്നത്.

സ്കൂട്ടർ പള്ളിക്കു സമീപത്തായി നിർത്തിയശേഷം ഹെൽമറ്റ് ധരിച്ച് എത്തിയ ആൾ പള്ളിലേക്കു നടന്നു കയറുകയായിരുന്ന മേരിയുടെ മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ ഒരു കഷണം മേരിയുടെ കൈയിൽ കിട്ടുകയും ചെയ്തു. ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും മോഷ്‌ടാവ് സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു.

വെളുത്ത നിറത്തിലുള്ള ആക്ടീവ സ്കൂട്ടറിൽ എത്തിയ കള്ളൻ പാന്റ്സും ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാളിയാർ പോലീസ് സ്‌ഥലത്തെത്തി സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും വ്യക്‌തമല്ലാത്ത ചിത്രങ്ങളാണ് ലഭിച്ചത്. വൃദ്ധയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കാളിയാർ പോലീസ് അന്വേഷണം ആരംഭിച്ചു.