ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

07.42 PM 06-07-2016
Aadhar_train02
ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ട്രെയിനില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയാത്ത സ്ഥിതി വരുന്നു. ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രിലായത്തിന്റെ തീരുമാനം. യാത്രാ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കും. 15 ദിവസത്തിനകം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചതിന് വിരുദ്ധമാണ് ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.
ട്രെയിന്‍ യാത്രയിലെ ആള്‍മാറാട്ടം തടയാനും സുരക്ഷയ്ക്കുമായാണ് ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കുന്നത് എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ വാദം. നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് രേഖകളുടെ ഒന്നും ആവശ്യമില്ല. എന്നാല്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൈയില്‍ കരുതണമെന്നാണ് നിയമം.
രണ്ടു ഘട്ടമായി പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ആദ്യഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര്‍, സ്വാതന്ത്ര്യസമര സേനാനികള്‍, വികലാംഗര്‍ എന്നീ വിഭാഗക്കാര്‍ക്ക് യാത്ര ഇളവ് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കും. 15 ദിവസത്തിനകം ഇതു പ്രാബല്യത്തില്‍ വരും. 53 വിഭാഗങ്ങള്‍ക്കാണ് നിലവില്‍ റെയില്‍വേ യാത്ര ഇളവ് അനുവദിച്ചിരിക്കുന്നത്.

രണ്ടു മാസത്തിന് ശേഷം ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കും. ഇതോടെ ഓള്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്പോഴോ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ വഴി ബുക്ക് ചെയ്യുമ്പോഴോ വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. സര്‍ക്കാര്‍ കണക്ക് പ്രകാരം 96 ശതമാനം പൗരന്മാര്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ട്.