ട്വന്റി20 ലോകകപ്പ് ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍

01-40 AM 01-04-2016
West Indies Lendl Simmons is held aloft by  teammates as they celebrate their seven wicket win over India at the ICC World Twenty20 2016 cricket semifinal match at Wankhede stadium in Mumbai, India,Thursday, March 31, 2016.(AP Photo/Rafiq Maqbool)
ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആതിഥേയരായ ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കടന്നു. രണ്ടു തവണ അദ്ഭുതകരമായി പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട ലെന്‍ഡ്ല്‍ സിമ്മണ്‍സ് 51 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സും സഹിതം 83 റണ്‍സെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയശില്‍പിയും കളിയിലെ കേമനുമായി. വിന്‍ഡീസിനായി ചാള്‍സും (36 പന്തില്‍ 52) അര്‍ധസെഞ്ചുറി നേടി. 34 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതം 43 റണ്‍സെടുത്ത ആന്ദ്രെ റസല്‍ വിജയത്തില്‍ സിമ്മണ്‍സിന് തുണനിന്നു. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് വെസ്റ്റ് ഇന്‍ഡീസിന്റെ എതിരാളികള്‍.
47 പന്തില്‍ നിന്നും 11 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 89 റണ്‍സെടുത്ത് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് താങ്ങായ കോഹ്‌ലിയുടെ പോരാട്ടം വിഫലമായി. 19 റണ്‍സിനിടെ ഗെയ്‌ലും സാമുവല്‍സും പുറത്തായെങ്കിലും മൂന്നാം വിക്കറ്റില്‍ ചാള്‍സിനൊപ്പം സിമ്മണ്‍സ് കൂട്ടിച്ചേര്‍ത്ത 97 റണ്‍സാണ് മല്‍സരം വിന്‍ഡീസിന് അനുകൂലമാക്കിയത്.
സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ രണ്ടിന് 192. വെസ്റ്റ് ഇന്‍ഡീസ് 19.4 ഓവറില്‍ മൂന്നിന് 196
രണ്ടാം ഓവറിന്റെ ആദ്യ പന്തില്‍ ജസ്പ്രീത് ബുംറ ഗെയ്‌ലിനെ ക്ലീന്‍ ബോള്‍ ചെയ്ത് വിന്‍ഡീസിെന ഞെട്ടിച്ചതാണ്. ആറു പന്തില്‍ അഞ്ചു റണ്‍സായിരുന്നു ഗെയ്‌ലിന്റെ സമ്പാദ്യം. ഏഴു പന്തില്‍ എട്ടു റണ്‍സെടുത്ത സാമുവല്‍സിനെ നെഹ്‌റ രഹാനെയുടെ കൈകളിലെത്തിക്കുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 19 മാത്രം. എന്നാല്‍, ഇന്ത്യ പേടിച്ച ക്രിസ് ഗെയ്‌ലിന് പകരം വിന്‍ഡീസിന്റെ രക്ഷകനായി അവതരിച്ചത് പരുക്കേറ്റ് മടങ്ങിയ ഫ്‌ലെച്ചറിന് പകരം ടീമിലെത്തിയ സിമ്മണ്‍സ്. ഫ്‌ലെച്ചറിന്റെ പരുക്ക് വിന്‍ഡീസിന് ഭാഗ്യവും ഇന്ത്യയ്ക്ക് നിര്‍ഭാഗ്യവുമാകുന്ന കാഴ്ചയായിരുന്നു വാങ്കഡെയില്‍.