ഡമാസ്കസിൽ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെട്ടെ 11 പേർ മരിച്ചു

damasair_1111
ബെയ്റൂട്ട്: സിറിയൻ തലസ്‌ഥാനമായ ഡമാസ്കസിൽ വിമതർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. വിമതർ തമ്പടിച്ചിരിക്കുന്ന കിഴക്കൻ ഗൗട്ടയിലെ ഡൗമയിലും സബ്ക്വയിലുമായിരുന്നു ആക്രമണം. ഡുമയിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ എട്ടു പേരും സബ്ക്വയിൽ ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്.

കിഴക്കൻ ഗൗട്ട മേഖലയിലെ ഏറ്റവും വലിയ നഗരമായ ഡൗമയിൽ ഒരു ലക്ഷത്തിലധികം ജനങ്ങളാണ് വസിക്കുന്നത്. പ്രദേശത്തെ നിരവധി ഗ്രാമങ്ങൾ വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്ന് വിമതരെ തുരത്താൻ കഴിഞ്ഞ ആറുമാസമായി സൈന്യം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു വ്യോമാക്രമണം.

ആഭ്യന്തര സംഘർഷം രൂക്ഷമായ സിറിയയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 300,000 പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നത്.