ഡാലസ് മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു

10:48am 9/5/2016

– പി. പി. ചെറിയാന്‍
Typography & Print technology

unnamed (1)
ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് നിര്‍മ്മിച്ച മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മാര്‍ത്തോമ സഭയുടെ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ഏകദേശം 6 മില്യണ്‍ ഡോളറോളം ചില വഴിച്ചു ഓഡിറ്റോറിയം നിര്‍മ്മിച്ചിരിക്കുന്നത്.

1200 പേര്‍ക്ക് ഇരിപ്പിട സൗകര്യം ക്രമീകരിച്ചിരിക്കുന്ന ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി നിലവിളക്ക് കൊളുത്തിയാണ് മെത്രാപ്പോലീത്ത ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ഡാലസിലെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മാര്‍ത്തോമ സഭാംഗങ്ങളുടെ ആത്മീകവും ഭൗതീകവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഈ ഓഡിറ്റോറിയം സഹായകരമാകട്ടെ എന്ന് മെത്രാപ്പോലീത്താ ആശംസിച്ചു. നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ എല്ലാ വികാരിമാരേയും ഇടവക ജനങ്ങളേയും സഹകരിച്ച എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നതിനും മെത്രാപ്പോലീത്ത സമയം കണ്ടെത്തി.

ക്വയര്‍ ലീഡര്‍ ജയന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഗായക സംഘം ആലപിച്ച ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് സമര്‍പ്പണ ശുശ്രൂഷ നടന്നു. ഇടവക വികാരി റവ. സജി. പി. സി. സ്വാഗതമാശംസിച്ചു. ഫാര്‍മേഴ്‌സ് ബ്രാഞ്ച് മേയര്‍ ബോബ് ഫെലിപ്‌സ്, ഗ്രേറ്റ് ഡാലസ് ഇന്തൊ– അമേരിക്കന്‍ ചേബര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി എ. കെ. മാഗൊ, ഭദ്രാസന പ്രതിനിധി ഡോ. ഫിലിപ്പ് വര്‍ഗീസ്, കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ് ഫാ. രാജു ദാനിയേല്‍ സൗത്ത് വെസ്റ്റ് സെന്റര്‍ പ്രതിനിധി റവ. അലക്‌സ് ചാക്കോ, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് പ്രസിഡന്റ് ഇന്ദു റെഡ്ഡി, കേരള അസോസിയേഷന്‍ ഓഫ് ഡാലസ് സെക്രട്ടറി റോയ് കൊടുവത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

ഓഡിറ്റോറിയം നിര്‍മ്മാണം നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കുവാന്‍ നേതൃത്വം നല്‍കിയ കണ്‍വീനര്‍ തോമസ് മാത്യു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ സോവനീയറിന്റെ പ്രകാശനം കണ്‍വീനര്‍ ബിജിലി ജോര്‍ജില്‍ നിന്നും മെത്രാപ്പോലീത്താ ഏറ്റുവാങ്ങി. ഓഡിറ്റോറിയം നിര്‍മ്മാണത്തില്‍ വിവിധ തലങ്ങളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചവരെ ഫലകം നല്‍കി മെത്രാപ്പോലീത്താ ആദരിച്ചു.

മെത്രാപ്പോലീത്തായുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന ഇടവക ട്രസ്റ്റിമാരും റവ. മാത്യു സമുവേലും ചേര്‍ന്ന് തിരുമേനിയെ ഏല്പിച്ചു. ഇടവക സെക്രട്ടറിയുടെ നന്ദി പ്രകാശനത്തിനും സഭാ മണ്ഡലം മെമ്പര്‍ റ്റി. പി. മാത്യുവിന്റെ പ്രാര്‍ഥനയ്ക്കും മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തിനും ശേഷം ഉദ്ഘാടന ചടങ്ങുകള്‍ സമാപിച്ചു.

അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കി തരുന്ന ദൈവത്തിലുളള പൂര്‍ണ്ണ വിശ്വാസവും ആത്മീക വളര്‍ച്ചയോടൊപ്പം ഭൗതീക വളര്‍ച്ചയും ആവശ്യമാണെന്ന് തിരിച്ചറിവുളള ഇടവക ജനങ്ങളുടെ അകമഴിഞ്ഞ സഹകരണവുമാണ് പദ്ധതിയെ വിജയത്തിലേക്കെത്തിച്ചതെന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണസമയവും ആത്മര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച കണ്‍വീനര്‍ തോമസ് മാത്യുവും ഇടവക വികാരി റവ. സജി പിസിയും അസിസ്റ്റന്റ് വികാരി മാത്യു സാമുവേലും പറഞ്ഞു.