ഡാളസ് സൗഹൃദ വേദി ഓണാഘോഷപരിപാടിയില്‍ വിനോദ് ചെറിയാന്റെ ഓട്ടന്‍തുള്ളല്‍ ഓര്‍മ്മപുതുക്കലായി

09:48 pm 18/9/2016

– എബി മക്കപ്പുഴ
Newsimg1_11497183
ഡാലസ്: ജന ബാഹുല്യം നിറഞ്ഞ ഡാളസ് സൗഹൃദ വേദിയുടെ ഓണഘോഷ പരിപാടിയിലെ പുതുമ നിറഞ്ഞതും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതുമായ ഒരു പ്രാചീന കലയെ സദസ്സില്‍ വളരെ ഭംഗിയോടെ അവതരിപ്പിച്ചപ്പോള്‍ നൂറ്റാണ്ടുകളുടെ ഓര്‍മപുതുക്കല്‍ നടന്നപോലെ തോന്നി.

മുന്നുറോളം കൊല്ലം­ മുമ്പ് കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടന്‍തുള്ളല്‍. സാധാരണക്കാരന്റെ കഥകളി എന്നറിയപ്പെട്ടിരുന്ന ഓട്ടന്‍തുള്ളല്‍ ഇന്നത്തെ കാലത്തു പ്രസക്തി കുറഞ്ഞു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്‍ത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങള്‍ക്ക് ആകര്‍ഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുക വളരെ പ്രയാസം തന്നെ. നിറപ്പകിട്ടാര്‍ന്ന വേഷങ്ങള്‍ അണിഞ്ഞ ഒരു കലാകാരന്‍ ഒറ്റയ്ക്ക് പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും,നാടോടി സ്വഭാവമുള്ള അംഗചലനങ്ങളോട് തുള്ളുക അത്ര എളുപ്പമായി കാണരുത്.

എന്നാല്‍ ഡാളസിലെ വിനോദ് ചെറിയാന്‍ എന്ന ചെറുപ്പക്കാരന്‍ മാസങ്ങളുടെ തയ്യാറെടുപ്പ്­ നടത്തി തുള്ളല്‍ എന്ന കല സ്വായത്തമാക്കി. തുള്ളലിന് പറ്റിയ ആകാര ഭംഗിയോട്­ ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടിയിലേക്ക് കടന്നു വന്നപ്പോള്‍ കാണികള്‍ ഒന്നടങ്കം വലിയ കൈയടിയോടു കൂടിയാണ് തുള്ളല്‍ ആസ്വദിച്ചത്.ഡാളസിലെ പ്രവാസി മലയാളികള്‍ക്കു പുതുമ നല്കി ഈ കല യാതൊരു തെറ്റും കൂടാതെ നാടോടി സ്വഭാവമുള്ള അംഗചലനങ്ങളോട് കൂട്ടിയാണ് തുള്ളിയത്.
സോഫ്റ്റ്‌­വെയര്‍ എഞ്ചിനീയര്‍ ആയി ഡാളസില്‍ ജോലി ചെയ്തു വരുന്ന ഇദ്ദേഹം പത്തനാപുരം സ്വദേശിയും, ഡാളസ് സുഹൃദ വേദിയുടെ ആക്റ്റീവ് മെമ്പര്‍ കൂടിയാണ്.

കിരീടം,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാന്മാലയും കഴുത്താരവും കൈയ്യില്‍ തോല്ക്കൂ ട്ടം,പരത്തിക്കാമണിയും അരയില്‍ “അംബലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകള്‍ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലില്‍ ചിലങ്കകളും അണിഞ്ഞു കൊണ്ടായിരുന്നു തുള്ളല്‍ അവതരിപ്പിച്ചത്.ഗണപതി താളത്തിനനുസരിച്ചായിരുന്നു തുള്ളലുകാരന്‍ ചുവടുകളുടെ തുടക്കമിട്ടത്.
പെയിന്റിംഗ് എന്ന കലയില്‍ അസാമാന്യമായ പാടവം പുലര്‍ത്തിപോരുന്ന വിനോദിന്റെ സഹധര്‍മ്മിണി ശ്രീമതി ഹെന്ന ജോര്‍ജ് ആയിരുന്നു ഓട്ടന്‍ തുള്ളലുകാരനെ വേഷം ചെയ്തത്
.
രംഗാവതരണത്തില്‍ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലില്‍ ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേര്ത്ത് ആകര്‍ഷകമായി പാട്ടു രചിച്ചതും ഈണം നല്കിയതും ശ്രീമതി.സാറ ചെറിയാന്‍ അലിമൂട്ടില്‍ ആയിരുന്നു. തരംഗിണി വൃത്തത്തിലും,ഗണപതി താളത്തിലും ക്രമപ്പെടുത്തിയ തുള്ളലിന്റെ പാട്ടു ഓണത്തിനോടനുബന്ധിച്ചുള്ളതായിരുന്നു.

നര്‍ത്തകനും രണ്ട് പിന്‍പാട്ടുകാരും ചേര്ന്നവതരിപ്പിച്ച തുള്ളലില്‍ മദ്ദളം ഉപയോഗിച്ചത് പ്രശസ്ത പിന്നണി സംഗതജ്ഞനായ ഷാലു ഫിലിപ്പ് ആയിരുന്നു. എബ്രഹാം ഉമ്മന്‍ പാട്ടുകള്‍ ഏറ്റുപാടിയും, ഷാജി പത്തനാപുരം കൈമണി ഉപയോഗിച്ചും തുള്ളലുകാരനെ സഹായിച്ചിരുന്നു.

ഒരു ഫ്‌ളാഷ്ബാക്ക് പോലെ അണിയറയില്‍ ഓരോ സീനും വളരെ സരസമായി അവതരിപ്പിച്ചതു സാം കോശി അനുപമ സാം,അലെന്‍ അശ്വിന്‍,അലക്‌സ് എന്നിവരായിരുന്നു. തുള്ളലിന്റെ അവസാനത്തില്‍ നര്‍മ്മരസം തുളുമ്പുന്നതായ തുള്ളലുകാരന്റെ ഹാസ്യ രംഗം പാടി തുള്ളിയപ്പോള്‍ സൗഹൃദ വേദി പ്രസിഡണ്ട് ശ്രീ.എബി തോമസ് സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടതോടു കാണികളുടെ നിലക്കാത്ത കൈയടി കേള്‍ക്കാമായിരുന്നു.