ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാനസ്വീകരണം

09:50 pm 18/9/2916

– ജോസ് മാളേയ്ക്കല്‍
Newsimg1_13611825
ഫിലാഡല്‍ഫിയ: സെ. തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി മുഖ്യകാര്‍മ്മികനും, ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കാത്തലിക് പള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ഷാജി സില്‍വ എന്നിവര്‍ സഹകാര്‍മ്മികരുമായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം.

സെപ്റ്റംബര്‍ 10 ശനിയാഴ്ച്ച രാവിലെ 9 മണിയ്ക്ക് ദിവ്യകാരുണ്യ സ്വീകരണത്തിനു തയാറെടുത്ത കുട്ടികളുടെയും, അവരുടെ മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. കുര്‍ബാനമധ്യേ ജോണിക്കുട്ടി അച്ചന്‍ കുട്ടികള്‍ക്ക് സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ടിച്ചു. തുടര്‍ന്ന് പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ സ്ഥിരം നമ്മുടെ ഹൃദയ അള്‍ത്താരയില്‍ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങള്‍ക്കു നല്‍കി.

കഴിഞ്ഞ ഒരുവര്‍ഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 16 കുട്ടികള്‍ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തില്‍ സ്വീകരിച്ചു. മതാധ്യാപകരായ മെര്‍ലി ജോസ് പാലത്തിങ്കല്‍, ജയ്ക്ക് ചാക്കോ, സോബി ചാക്കോ, റജീനാ ജോസഫ്, കാരളിന്‍ ജോര്‍ജ്, ഡോ. ജയിംസ് കുറിച്ചി എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്‍കി.

സ്വപ്ന ജോണ്‍ കളപറമ്പത്ത്, ലിയ സിംഗ്, തെരേസ സാന്‍ഡി, അന്‍സു ആനാ ജോജോ, ബ്രിയാ ജോസഫ്, എല്‍സാ മാനുവല്‍ തോമസ്, ലിയോ മാനുവല്‍ തോമസ്, ലിലി ചാക്കോ, അലന്‍ ജോസഫ്, ജെസിക്കാ ചാക്കോ, ദാനിയേല്‍ തോമസ്, അലന്‍ മനോജ്, ജോണ്‍ കോട്ടൂര്‍, ജോഹാന്‍ കതിലാങ്കല്‍ ജിസ്, ആല്‍ ബിന്‍ എബ്രാഹം, ജാസ്മിന്‍ മാനുവല്‍ എന്നീ കുട്ടികളാണ് ഈ വര്‍ഷം പ്രഥമ ദിവകാരുണ്യവും, സ്ഥൈര്യലേപനവൂം സ്വീകരിച്ചത്.

ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ കുട്ടികളുടെ മാതാപിതാക്കളും, പള്ളിക്കമ്മിറ്റിയും, മരിയന്‍ മദേഴ്‌സും, മറ്റു ഭക്തസംഘടനാപ്രവര്‍ത്തകരും, ഇടവകജനങ്ങളും പ്രഥമ ദിവ്യകാരുണ്യസ്വീകരണ ചടങ്ങ് ഭംഗിയായി ക്രമീകരിച്ചു. പ്രഥമദിവ്യകാരുണ്യ സ്വീകരണത്തോടനുബന്ധിച്ച് ചര്‍ച്ച് ന്യൂസ്‌ലെറ്റര്‍ ചീഫ് എഡിറ്റര്‍ ജോസ് തോമസിന്റെ നേതൃത്വത്തില്‍ വര്‍ണമനോഹരമായ ഹോളി കമ്യൂണിയന്‍ ബുക്‌ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു.
ഫോട്ടോ: ജോസ് തോമസ്