ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം പുസ്തക പ്രകാശനം ഒക്‌ടോബര്‍ 15-ന്

08:34 pm 7/10/2016
Newsimg1_73376187

ഷിക്കാഗോ: ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം (Divinization in St. Ephrem) എന്ന പേരില്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് എഴുതിയിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം 2016 ഒക്‌ടോബര്‍ 15-നു ഷിക്കാഗോയില്‍ വച്ചു നടത്തപ്പെടും. പൗരസ്ത്യദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയിട്ടുള്ള ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ വേത്തനത്ത് അച്ചന്റെ ഡോക്ടറല്‍ പ്രബന്ധത്തെ അധികരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. പൗരസ്ത്യ ദൈവശാസ്ത്ര ചിന്തയുടെ, പ്രത്യേകിച്ച് ബൈസന്റൈന്‍ പാരമ്പര്യത്തിന്റെ ഏറ്റവും ശക്തമായ പ്രബോധനങ്ങളിലൊന്നാണ് മനുഷ്യന്റെ ദൈവികീകരണം (ഡിവിനൈസേഷന്‍). ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍, ബൈസന്റൈന്‍ പാരമ്പര്യത്തില്‍പ്പെടുന്ന സഭാ പിതാക്കന്മാരും ദൈവശാസ്ത്ര ചിന്തകന്മാരും മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ ദൈവികീകരണത്തെക്കുറിച്ച് വ്യക്തമായ പ്രബോധനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയെക്കുറിച്ചുള്ള പഠനങ്ങളും ധാരാളമായി നടന്നിട്ടുണ്ട്.

എന്നാല്‍, ക്രൈസ്തവ മതത്തിന്റെ ഉറവിടത്തോട് ഏറ്റവും കൂടുതല്‍ അടുത്തു നില്‍ക്കുന്ന സുറിയാനി പാരമ്പ്യത്തില്‍ ഇതള്‍വിരിഞ്ഞിരിക്കുന്ന ദൈവികീകരണത്തെ സംബന്ധിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന കുറവാണ് ഈ പുസ്തകരചനയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുന്നത്. സുറിയാനി ദൈവശാസ്ത്ര പാരമ്പര്യത്തിന്റെ നെടുംതൂണും, കിഴക്കിന്റെ സൂര്യന്‍, പരിശുദ്ധാത്മാവിന്റെ വീണ എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നവനുമായ വിശുദ്ധ എഫ്രേമിന്റെ കൃതികളില്‍ ദൈവികീകരണത്തെ സംബന്ധിച്ച് അന്തര്‍ലീനമായി കിടക്കുന്ന ദൈവശാസ്ത്ര ചിന്തയാണ് ഈ പുസ്തകത്തിലൂടെ വെളിച്ചംകണ്ടിരിക്കുന്നത്. സുറിയാനി പാരമ്പര്യത്തില്‍പ്പെട്ട എല്ലാ സഭകളുടേയും ദൈവശാസ്ത്ര ചിന്തകളിലും ആരാധനക്രമ ജീവിതത്തിലും വിശുദ്ധ എഫ്രേമിന്റെ പ്രബോധനങ്ങളുടെ നിര്‍ണ്ണായകമായ സ്വാധീനം കാണുവാന്‍ കഴിയും. ക്രൈസ്തവ ലോകത്ത് നടന്ന എല്ലാ വിഭജനങ്ങള്‍ക്കും മുമ്പാണ് വിശുദ്ധ എഫ്രേമിന്റെ കാലഘട്ടം. (303 -373) എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രബോധനം ഏവര്‍ക്കും സ്വീകാര്യമാണ്. അതുകൊണ്ട് വിശുദ്ധ എഫ്രേമിന്റെ ദൈവശാസ്ത്ര ചിന്തകള്‍ സഭൈക്യശ്രമങ്ങള്‍ക്ക് കരുത്ത് പകരും.

ഈശോമിശിഹായും അപ്പസ്‌തോലന്മാരും ജീവിച്ച യഹൂദ ആദ്ധ്യാത്മികതയുടെ തുടര്‍ച്ചയായ സുറിയാനി പാരമ്പര്യത്തില്‍-വിശുദ്ധ എഫ്രേമിന്റെ കൃതികളില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ദൈവികീകരണത്തെക്കുറിച്ചുള്ള ആഴമായ പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം സുറിയാനി പാരമ്പര്യത്തില്‍പ്പെട്ട എല്ലാ സഭകള്‍ക്കും തങ്ങളുടെ ആരാധനക്രമ ജീവിതത്തിന്റേയും ആദ്ധ്യാത്മിക ജീവിതത്തിന്റേയും ഊരും വേരും തിരിച്ചറിയുന്നതിലും അതില്‍ അഭിമാനംകൊള്ളുന്നതിലും ഏറെ സഹായകമാകും. ദൈവികീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദിയായ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ അച്ചന്‍ ഇതിനോടകം മൂന്നു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലേറ്റ് സെമിനാരിയിലെ OIRSI പബ്ലിക്കേഷന്‍സ് ആണ് 560 പേജുകളുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോപ്പികള്‍ക്ക് 001 630 310 9957 എന്ന നമ്പരിലോ, frvseban@gmail.com എന്ന ഇമെയില്‍ അഡ്രസിലോ ബന്ധപ്പെടുക.