ഡിസംബര്‍ ഏഴിന് ദുബൈ ചലച്ചിത്രമേളക്ക് കൊടിയേറും

12:10 pm 24/11/2016
download (5)
ദുബൈ: പതിമൂന്നാമത് ദുബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഡിസംബര്‍ ഏഴിന് തുടക്കം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മേളയില്‍ 55 രാജ്യങ്ങളില്‍ നിന്നുള്ള 156 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഹിന്ദി നടി രേഖക്കും മറ്റും സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കും. ഈ വര്‍ഷം മലയാളത്തില്‍ നിന്ന് ഒരു സിനിമ പോലും ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. മേള 14 സമാപിക്കും
ലോക സിനിമയില്‍ നിന്ന് 57 സിനിമകളുടെ ആദ്യപ്രദര്‍ശനത്തിന് ദുബൈ മേള വേദിയാകും. പശ്ചിമേഷ്യ, ഗള്‍ഫ് എന്നിവിടങ്ങളില്‍ ആദ്യ പ്രദര്‍ശനം നടക്കുന്ന 94 സിനിമകളും മേളയുടെ മറ്റൊരു പ്രത്യേകതയാണ്. മികച്ച നിരവധി അറബ് സിനിമകളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 63 അറബ് ചിത്രങ്ങളാണ് മേളയിലുള്ളത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ പുതുസിനിമകളിലൂടെ ലോക സിനിമയുടെ നവമാറ്റം തന്നെയാകും പ്രധാനമായും അടയാളപ്പെടുത്തുകയെന്ന് മേളയുടെ ചെയര്‍മാന്‍ അബ്ദുല്‍ ഹാമിദ് ജുമുഅ പറഞ്ഞു. മേളയുടെ ആര്‍ടിസ്റ്റിക് ഡയറക്ടര്‍ മൂസദ് അംറല്ല അല്‍ അലി, മാനേജിങ് ഡയറക്ടര്‍ ശിവാനി പാണ്ട്യ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. ഉദ്ഘാടന ചിത്രമായി ജോണ്‍ മാഡനിന്‍െറ ‘മിസ് സ്ളൊആനെ’ പ്രദര്‍ശിപ്പിക്കും. ‘റഫ് വണ്‍: എ സ്റ്റാര്‍ വാര്‍സ് സ്റ്റോറി’യാണ് സമാപന ചിത്രം.
ഹിന്ദി നടി രേഖക്കു പുറമെ സാമുവല്‍ എല്‍ ജാക്സണ്‍, ഗബ്രിയേല്‍ യാരിദ് എന്നിവര്‍ക്കും സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നല്‍കും. വാണി കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ അഭിനയിച്ച ഹിന്ദി ചിത്രം ‘ബെഫിക്റെ’ മേളയില്‍ ഇടം പിടിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമയാണിത്. ഈ സിനിമയിലെ താരങ്ങളായ രണ്‍വീര്‍ സിങ്ങും വാണി കപൂറും അതിഥികളായി മേളക്കത്തെും.
സിറിയ ഉള്‍പ്പെടെ രാഷ്ട്രീയ കാലുഷ്യം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ ദുരിതം പ്രമേയമായ ചിത്രങ്ങളും മേളയുടെ ഭാഗമാണ്. ‘ബേണ്‍ യുവര്‍ മാപ്സ്’, ‘ദ റെഡ് ടര്‍ട്ല്‍’, ‘ഈഗിള്‍ ഹണ്‍ട്രീസ്’, ‘ബാറ്റ്മാന്‍’, ‘ദ സ്പേസ് ബിറ്റ്വീന്‍ അസ്’, ‘സ്വാലോസ് ആന്‍റ് ആമസോണ്‍സ്’, ‘ദ വര്‍ത്തി’, ‘റോക് ഡോഗ്’, ‘ദ ബ്ളീഡര്‍’ ഉള്‍പ്പെടെ നിരവധി പുതിയ ചത്രങ്ങളാണ് മേളയില്‍ ആസ്വാദകരെ കാത്തിരിക്കുന്നത്.
മദീനത്ത് ജുമൈറ അരീന, മദീനത്ത് തിയറ്റര്‍, സൂഖ് മദീനത്ത് ജുമൈറ’, മാള്‍ ഓഫ് എമിറേറ്റ്സിലെ വോക്സ് സിനിമാ തിയറ്ററുകള്‍ എന്നിവക്കു പുറമെ ജെ.ബി.ആറിന് എതിര്‍വശത്തുള്ള ബീച്ചിലും സിനിമാ പ്രദര്‍ശനം നടക്കും.