തന്റെ ജീവന് ഭീഷണിയുണ്ട് :ശശികല പുഷ്പ

03:15pm 1/8/2016
download (5)

ന്യൂഡല്‍ഹി: തന്റെ ജീവന് ഭീഷണിയുണ്ട് സര്‍ക്കാര്‍ സംരക്ഷണം ആവശ്യമാണെന്നും അണ്ണാ ഡിഎംകെ എംപി ശശികല പുഷ്പ രാജ്യസഭയില്‍. ഡിഎംകെ എംപി തിരുച്ചി ശിവയെ കൈയേറ്റം ചെയ്ത സംഭവത്തെച്ചൊല്ലിയാണ് രാജ്യസഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാജ്യസഭാ അംഗത്വം രാജിവയ്ക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമേറുകയാണ്. തമിഴ്‌നാട്ടില്‍ താന്‍ സുരക്ഷിതയല്ലെന്നും വികാരനിര്‍ഭരയായി ശശികല പുഷ്പ പറഞ്ഞു.

ഇതോടെ അണ്ണാ ഡിഎംകെ, ഡിഎംകെ അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വച്ചു. തൊട്ടുപിന്നാലെ ശശികല പുഷ്പയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പുഷ്പ എഐഎഡിഎംകെ പാര്‍ട്ടിക്ക് അനഭിമതമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന വിലയിരുത്തലിലാണ് പുറത്താക്കിയതെന്ന് പിന്നീട് മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ ജയലളിത അറിയിച്ചു.

ശനിയാഴ്ച ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു ശിവയെ പുഷ്പ കൈയേറ്റം ചെയ്‌തെന്നാണ് വാര്‍ത്ത വന്നത്. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം വിമാനത്താവളത്തില്‍ എത്തിയ ശിവ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ പുഷ്പ കൈയേറ്റം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി ജയലളിതയേയും പാര്‍ട്ടിയേയും മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ശിവയെ പുഷ്പ തല്ലുകയായിരുന്നെന്നാണ് വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍ തിരുച്ചി ശിവ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ശശികല ആരോപിച്ചു. രാഷ്ട്രീയ നേതാവ് ഒരു സ്ത്രീ ഇതുപോലെ മര്‍ദ്ദിച്ചെങ്കില്‍ എന്തും സംഭവിക്കാം. തമിഴ്‌നാട്ടില്‍ താന്‍ സുരക്ഷിതയല്ലെന്നും രാജ്യസഭയില്‍ ശശികല പറഞ്ഞു. ശശികല പുഷ്പയുടെ ആവശ്യം പരിഗണിക്കാമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ഉറപ്പ് നല്‍കി. സുരക്ഷ പ്രശ്‌നങ്ങള്‍ നേരിടുന്നുവെങ്കില്‍ ചെയര്‍മാനു കത്തെഴുതാന്‍ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു നിര്‍ദേശിച്ചു.