തിരശ്ശീലയില്‍ പുത്തന്‍ ചക്രവാളങ്ങള്‍ വിരിയിക്കാന്‍ ഫെസ്റ്റലന്‍ നാലാം സീസണ്‍ ഒരുങ്ങുന്നു

09:34 am 10/11/2016

മൊയ്തീന്‍ പുത്തന്‍ചിറ
Newsimg1_981306
ന്യൂയോര്‍ക്ക്: ആധുനിക മലയാള സിനിമയില്‍ സര്‍ഗ്ഗാത്മകമായ മാറ്റങ്ങള്‍ സംഭവിക്കുന്ന കാലമാണ് കടന്നുപോകുന്നത്. പ്രതിഭാധനരായ ഒരുകൂട്ടം നവാഗതര്‍ സിനിമയ്ക്ക് പുതിയ വ്യാകരണങ്ങള്‍ എഴുതിച്ചേര്‍ത്ത് അനിവാര്യമായചില മാറ്റങ്ങള്‍ നല്ല സിനിമകളുടെ വസന്തം തന്നെയാണ് മടക്കിക്കൊണ്ടുവന്നത്. ഇതിനെല്ലാം ഷോര്‍ട്ട് ഫിലിമുകള്‍ വഹിച്ച പങ്ക് ചെറുതല്ല.

ഒരു പതിറ്റാണ്ടു മുന്‍പുവരെ ഹ്രസ്വ ചിത്രങ്ങള്‍മലയാളിയുടെ ആസ്വാദന ബോധത്തില്‍ ഇടംപിടിച്ചിരുന്നില്ല. നവ മാധ്യമങ്ങളുടെ വരവോടുകൂടി ഇത്തരം സൃഷ്ടികള്‍ക്ക് വേരു മുളച്ചു. പുത്തന്‍ ചിന്തകളും ആശയങ്ങളും പത്തോ ഇരുപതോ മിനിറ്റുകള്‍ക്കുള്ളില്‍ ആസ്വാദകരിലേക്ക് പടര്‍ന്നിറങ്ങി. ഫെസ്റ്റലന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ മുന്നോട്ടു വെയ്ക്കുന്നതും ഇത്തരമൊരു ആശയമാണ്. വ്യത്യസ്തവും കാമ്പും കൗതുകവും ഒരുപോലെ സമന്വയിക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്ക് അഭ്രപാളികളില്‍ വിസ്മയം തീര്‍ക്കാവുന്ന ഏറ്റവും നല്ലൊരിടം.

2014ല്‍ ആരംഭിച്ച “ഫെസ്റ്റലന്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍” ഇത്തവണ നാലാം സീസണിലേക്ക് കടക്കുകയാണ്. നൂറു ചിത്രങ്ങളാണ് ഫെസ്റ്റലന്റെ ആദ്യ റൗണ്ടില്‍ ഇടം നേടുന്നത്. അതില്‍ നിന്നും മികച്ച 50 ചിത്രങ്ങളായി കുറയും. അവയാണ് ജഡ്ജിംഗ് പാനലിന്റെ കീഴില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ബാംഗ്ലൂര്‍ നഗര മധ്യത്തിലുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ സിനി സ്ക്വയര്‍ തീയേറ്ററിലാണ് തിരഞ്ഞെടുക്കപ്പെട്ട ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കുക. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എലിഫന്റ് മീഡിയ ലാബ് പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമസ്ഥരായ പ്രദീഷ് കോങ്കോത്തും നിതീഷ് നാരായണനുമാണ് ഫെസ്റ്റലന്റെ അമരക്കാര്‍. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഴവില്‍ എഫ്.എം. ആണ് ഫെസ്റ്റലന്റെ ഔദ്യോഗിക എഫ്.എം. പാര്‍ട്ണര്‍. നിറമുള്ള ചിന്തകളും ആശയങ്ങളുമായി ഈ വഴി കടന്നു വരൂ, ഫെസ്റ്റലന്റെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.elephantmedialab.com