വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് കൊളംബോയില്‍ തിരശീല ഉയരുന്നു

– ഡോ. ജോര്‍ജ് എം കാക്കനാട്ട്
Newsimg1_11381021
കൊളംബോ: അഖില ലോക മലയാളികളെ ഐക്യ ചരടില്‍ കോര്‍ത്തിണക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പത്താമത് ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നിഗംബോയിലെ ജെറ്റ് വിംഗ് ബ്ലൂ റിസോര്‍ട്ട് ഹോട്ടലിലാണ് നവംബര്‍ 10 മുതല്‍ 12 വരെ മലയാളത്തനിമയുള്ള കോണ്‍ഫറന്‍സ് അരങ്ങേറുന്നത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന ഈ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള ഡെലിഗേറ്റുകള്‍ എത്തിയിട്ടുണ്ട്. പാര്‍ലമെന്റ് അംഗമായ റിച്ചാള്‍ഡ് ഹെ ആണ് മുഖ്യാതിഥി.

പത്താം തീയതി വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ബിസിനസ് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പ്രതിനിധികളും ശ്രീലങ്കയിലെ മലയാളികളും സംബന്ധിക്കുന്നു. 11-ാം തീയതി പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗോപാലപിള്ളയും (യു.എസ്.എ) ജനറല്‍ കണ്‍വീനര്‍ മാത്യു ജേക്കബും (ജര്‍മനി) അറിയിച്ചു. ഇലക്ഷന്‍ നടപടികള്‍ക്ക് മുതിര്‍ന്ന നേതാവ് ആന്‍ഡ്രൂപാപ്പച്ചന്‍ (ചീഫ് എന്‍.ഇ.സി) നിരീക്ഷകനായിരിക്കും.
ലോകമലയാളികളെ സ്‌നേഹത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും ഐക്യച്ചരടില്‍ ഉറപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍, നേതൃനിശ്ചയത്തിന്റെ സാന്നിദ്ധ്യം അറിയിക്കുകയാണ്. കൊളംബോയില്‍ നമ്മള്‍, മലയാള മനസ്സുകള്‍ ഒത്തു ചേര്‍ന്ന് അണിനിരക്കുമ്പോള്‍ ഇത് മറ്റൊരു കേരളമാണോ എന്ന് തോന്നിപ്പോകും. ഈ അതുല്യ സംഘടനയുടെ പ്രതിജ്ഞയും പ്രാര്‍ത്ഥനയും എത്രമേല്‍ വിവരിച്ചാലും മതിവരുകയില്ല. വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന പ്രസ്ഥാനം, പ്രവാസികളായ നമ്മുടെ സ്‌നേഹസമീപനചിന്തയുടെ ദീപമായി രൂപം കൊണ്ടിട്ടുള്ളതാണ്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനപഥങ്ങളിലൂടെ നാട്ടിലേയും നാട്ടറിവിന്റെയും പതാക വഹിക്കുകയാണ് നമ്മള്‍. അങ്ങനെ വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന മഹാപ്രസ്ഥാനം ലോക മലയാളികളെ സ്‌നേഹത്തിന്റെയും സമന്വയത്തിന്റെയും ചരടില്‍ കോര്‍ത്തിണക്കുകയാണ.്

ഓരോ മലയാളിയും നാടു വിട്ടു പോകുമ്പോള്‍, ജീവസന്ധാരണാര്‍ത്ഥം പ്രവാസഭൂമിയിലേക്ക് കടന്നു കയറുമ്പോള്‍ ഇവിടെ സ്വപ്‌നം അവശേഷിപ്പിച്ചിട്ടാണ് ടിക്കറ്റെടുക്കുന്നത്. എത്തിയ നാട്ടില്‍ ജോലി വിയര്‍പ്പാക്കി പണിയെടുക്കുമ്പോള്‍ ഒരിക്കലും മറക്കില്ല നാടിനെയും നന്മകളെയും. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ബാനറില്‍ നമ്മള്‍ കൊളംബോയില്‍ ഒത്തു ചേരുമ്പോള്‍ ഷേക് ഹാന്‍ഡ് നല്‍കി ചിന്തകള്‍ പങ്കു വയ്കാം. വെളിച്ചത്തിന്റെ നന്മ ചെരാതുകള്‍ കൊളുത്താം. ഇപ്രകാരം പറയുവാന്‍ എന്ന പ്രേരിപ്പിച്ച ഘടകങ്ങള്‍ ഒരുപാടുണ്ട്. പ്രവാസ ജീവിതത്തിന്റെ നന്മ കുരുക്കുകള്‍ പേറുമ്പോഴും നാടിനെയും നാട്ടാരെയും ഓര്‍ക്കാതെ ഉറങ്ങാന്‍ പറ്റുന്നില്ല. കാരണം നമ്മുടെ വേരുകള്‍ അവിടെയാണ്. ഒരു സ്വപ്‌നത്തില്‍ ഞെട്ടിയുണരുമ്പോള്‍ കാഴ്ചയുട പ്രതലത്തില്‍ നമ്മുടെ അച്ഛനും അമ്മയും സഹോദരീ സഹോദരന്മാരും, പ്രിയപ്പെട്ട കൂട്ടുകാരും ഉണ്ടായിരിക്കും. അവരെയൊക്കെ വിട്ട് ജീവിക്കുമ്പോഴാണ്, പ്രവര്‍ത്തിക്കുമ്പോഴാണ്, സ്‌നേഹിക്കുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതം ധനധന്യമാകുന്നത്. ദുഃഖവും സ്‌നേഹവും പങ്കുവയ്ക്കാന്‍ ഈ വേദി നമ്മളെ അനുഗ്രഹിക്കട്ടെ. മലയാളികള്‍ ഏതു രാജ്യത്തില്‍ ചെന്നാല്‍ അവിടെ തങ്ങളുടേതായ സ്വര്‍ഗതുല്യമായ സാമ്രാജ്യം കെട്ടിപ്പടുക്കും. അത് അവരുടെ കര്‍മശേഷിയുടെ പ്രതിഫലനമാണ്. സമന്വയത്തിന്റെ വിചാരമാണ്. ഈ തലത്തില്‍ നിന്നു വേണം കൊളംബോ കണ്‍വന്‍ഷനെ നോക്കിക്കാണുവാന്‍.

കേരളത്തിന്റെ തൊട്ടടുത്തുള്ള ഈ കുഞ്ഞ് ദ്വീപിലേക്ക് മലയാളി മനസ്സുകള്‍ പൊട്ടുകുത്തിയെത്തുന്നു. കേരളം അതിന്റെ 60-ാംപിറന്നാള്‍ ആഘോഷിച്ച് പൂത്തുലഞ്ഞ് നില്‍ക്കുന്ന സമയത്ത് ഒരുപാട് ചിന്തിക്കുവാനും ആശങ്കപ്പെടുവാനും ഈ കൂട്ടായ്മ സാക്ഷ്യം വഹിക്കും. മലയാളി എവിടെയും മലയാളി തന്നെയാണ്. കര്‍മഭൂമയുടെ സ്വാധീനങ്ങള്‍ അവരില്‍ എത്രമേല്‍ ചെലുത്തിയാലും വിട്ടുവീഴ്ചയ്ക്ക് ഉടമ്പടി വയ്ക്കില്ല നമ്മള്‍. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്നോട്ടു വയ്ക്കുന്ന ചിന്തയുടെ ദീപനാളങ്ങള്‍ തെളിയുമ്പോള്‍ ഓര്‍ക്കണം പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചെടുത്ത കേരളക്കരയുടെ മഹത്വം.

നമ്മള്‍ ഇവിടെ ഒത്തു കൂടുമ്പോള്‍ ചര്‍ച്ചാവിഷയമാവേണ്ട ഒരുപിടി സംഗതികളുണ്ട്. കേരളം വളരുകയാണ്. തളര്‍ച്ചയിലേക്ക് നയിക്കുന്ന വിഷയങ്ങള്‍ എല്ലാവരേയും അലോസരപ്പെടുത്തുന്നു. അതിന്റെ നാള്‍വഴി കണക്കുകള്‍ ബോധ്യപ്പെടുത്താന്‍ ഒത്തുകൂടിയിട്ടുള്ള പ്രിയ സ്‌നേഹിതര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയുവാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. ഈ പ്രസ്ഥാനം നമ്മെ ലോക സീമകളിലേക്ക് പാലം തീര്‍ത്തയക്കട്ടെ. ശ്രീരാമന്‍ സീതയെ വീണ്ടെടുത്ത ഈ നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ഒരു സേതുബന്ധനം തീര്‍ക്കുകയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍. അണ്ണാറക്കണ്ണനും തന്നാലായതു പോലെ മലയാളി മനസ്സുകള്‍ ഒത്തൊരുമിച്ച് സ്‌നേഹത്തിന്റെയും സമന്വയത്തിന്റെയും കൃപയുടെയും പ്രതിജ്ഞ പുതുക്കുകയാണിവിടെ.