തൃശൂർ നഗരത്തിൽ പുലി കുട്ടികൾ ഇറങ്ങി

06:00 pm 17/9/2016
images (4)
തൃശൂര്‍: മടകള്‍ വിട്ട് പുലിക്കൂട്ടങ്ങള്‍ തൃശൂർ നഗരത്തിലിറങ്ങി. ആൺപ്പുലികൾക്കൊപ്പം നാലു പെൺപ്പുലികൾ മത്സരത്തിന് ഇറങ്ങിയതാണ് ഇത്തവണത്തെ പുലിക്കളിയുടെ പ്രത്യേകത. അയ്യന്തോള്‍ ദേശം, വിയ്യൂര്‍ ദേശം, നായ്ക്കനാല്‍ പുലിക്കളി സംഘം, തൃക്കുമാരകുടം ശ്രീഭദ്ര ക്ലബ്, കുട്ടന്‍കുളങ്ങര പുലിക്കളി സംഘം, മൈലിപ്പാടം ദേശം, വടക്കേ അങ്ങാടി ദേശം, പാട്ടുരായ്ക്കല്‍ പുലിക്കളി കമ്മിറ്റി, കൊക്കാലെ സാന്‍റോസ് ക്ലബ്, പൂങ്കുന്നം വിവേകാനന്ദ എന്നിവയാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങിയത്.
images (5)

വൈകീട്ട് നാലോടെയാണ് പുലികള്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചത്. വിയൂർ, അയ്യന്തോൾ ദേശങ്ങളിൽ നിന്നാണ് പെൺപ്പുലികൾ എത്തിയത്. കൂടാതെ ദേശങ്ങളെല്ലാം പുലി മുഖവും വേഷങ്ങളും പുതുക്കിയിട്ടുമുണ്ട്. പുലിക്കളി സംഘങ്ങളോടൊപ്പം രണ്ട് വീതം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. റൗണ്ടിനെ വലംവെച്ച് നഗരി കീഴടക്കുന്ന പുലിക്കൂട്ടങ്ങളുടെ ആര്‍ത്ത് വിളിയോടെ തൃശൂരിന്‍െറ ഇക്കൊല്ലത്തെ ഓണാഘോഷത്തിന് പരിസമാപ്തിയാകും. പൂരം കഴിഞ്ഞാല്‍ തൃശൂരിനെ പുരുഷാരത്തില്‍ മുക്കുന്നതാണ് പുലിക്കളി.

സ്വരാജ് റൗണ്ടില്‍ വിവിധ നിറങ്ങളിലുള്ള വൈദ്യുതി ദീപങ്ങള്‍ക്കൊപ്പം ഹാലജന്‍ ലൈറ്റുകളും തെളിച്ചു. പ്രത്യേക സന്ദര്‍ശക ഗാലറിയും ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യാനായി പൊലീസ് സേനയെയും മെഡിക്കല്‍ സംഘത്തെയും അധികൃതർ സജ്ജമാക്കി.

കോര്‍പറേഷന്‍ ഏറ്റെടുത്ത ശേഷമുള്ള രണ്ടാമത്തെ പുലിക്കളി മഹോത്സവമാണിത്. പുലിക്കളി സംഘങ്ങള്‍ കൂടിയതും അവക്ക് ടൂറിസം വകുപ്പിന്‍െറയും കോര്‍പറേഷന്‍െറയും വിഹിതം വര്‍ധിപ്പിച്ചതും ആദ്യമായി പുലിച്ചമയങ്ങളുടെ പ്രദര്‍ശനം ഒരുക്കിയതും കളി കേമമാക്കി. കോര്‍പറേഷന്‍ ഒന്നേകാല്‍ ലക്ഷം വീതമാണ് സംഘങ്ങള്‍ക്ക് നല്‍കുന്നത്. രണ്ട് ദിവസങ്ങളിലായി ബാനര്‍ജി ക്ലബില്‍ ഒരുക്കിയ പ്രദര്‍ശനം ആയിരങ്ങളാണ് കാണാനെത്തിയത്.