ബ്രെക്സിറ്റ്: യുറോപ്യൻ യൂണിയൻ-ബ്രിട്ടൺ ചർച്ച ഫെബ്രുവരിയിൽ തുടങ്ങും

03:30 PM 17/09/2016
images (3)
ലണ്ടൻ: യുറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തു പോകുന്നതിനുള്ള ബ്രെക്സിറ്റ് ഒൗദ്യോഗിക നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ തുടങ്ങുമെന്ന് ചെയർമാൻ ഡൊണാൾഡ് ടസ്ക്. ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചിട്ടുണ്ടെന്നും ടസ്ക് വ്യക്തമാക്കി.

യുറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. എന്നാൽ, ബ്രെക്സിറ്റ് ചർച്ച സംബന്ധിച്ച് ധാരണയായ വിവരം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒാഫീസ് സ്ഥിരീകരിച്ചിട്ടില്ല.

യുറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരാനുള്ള ചർച്ചകൾ രണ്ടു വർഷം നീണ്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്. ചർച്ചകൾക്ക് ശേഷം അന്തിമ വിടുതൽ കരാറിൽ ബ്രിട്ടണും യുറോപ്യൻ യൂണിയനും ഒപ്പുവെക്കും. ലിസ്ബൻ കരാറിലെ 50ാം ആർട്ടിക്ക്ൾ പ്രകാരമാണ് ബ്രിട്ടൺ ഇ.യു ബന്ധം അവസാനിപ്പിക്കുക.

1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗമായത്. 1975ല്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്‍െറ ഏകീകൃത നാണയമായ യൂറോ 1992ല്‍ നിലവില്‍വന്നെങ്കിലും 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്.

ബ്രിട്ടന്‍റെ ഒൗദ്യോഗിക നാണയമായ പൗണ്ട് അവര്‍ നിലനിര്‍ത്തുകയും ചെയ്തു. കഴിഞ്ഞ ജൂൺ 24ന് നടന്ന നിര്‍ണായകമായ ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടെന്ന് ബ്രിട്ടനിലെ ജനങ്ങൾ വിധിയെഴുതിയത്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ഹിതപരിശോധനാ ഫലം പുറത്തുവന്നതോടെ ഡേവിഡ് കാമറൂൺ പ്രധാനമന്ത്രി പദം രാജിവെച്ചിരുന്നു.