ദളിതര്‍ക്ക് ഗുജറാത്തില്‍ വെള്ളമെടുക്കാന്‍ അനുവദിക്കില്ല

06:58pm 21/4/2016
download (2)
മൊഹ്‌സാന: കൊടും വരള്‍ച്ചയിലും ഗുജറാത്തില്‍ പൊതുകിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ദളിതര്‍ക്ക് വിലക്ക്. മേല്‍ജാതിക്കാരുടെ കനിവ് തേടി മണിക്കൂറുകളോളം കാത്ത് നിന്നതിന് ശേഷമാണ് പലപ്പോഴും ദളിതര്‍ക്ക് അല്‍പ്പം കുടിവെള്ളം ലഭിക്കുന്നത്. മൊഹ്‌സാനയിലെ ബച്ചര്‍ അടക്കമുള്ള ഗ്രാമങ്ങളിലാണ് ഈ കടുത്ത ജാതി വിവേചനം അരങ്ങേറുന്നത്.
ഒഴിഞ്ഞ പാത്രങ്ങളുമായി പൊരിവെയിലില്‍ കാത്ത് നില്‍ക്കുന്ന ദളിത് സ്ത്രീകള്‍ അതുവഴി കടന്നു പോകുന്നവരോട് അല്‍പ്പം വെള്ളം നല്‍കാന്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍ ആരും അവരുടെ അപേക്ഷ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഒന്നര മണിക്കൂറോളം കഴിഞ്ഞ് പ്രായമായ ഒരു സ്ത്രീ ഇവരോട് ദയ തോന്നി അല്‍പ്പം വെള്ളം കോരി നല്‍കി. ബച്ചറിലെ കടുത്ത ജാതി വിവേചനത്തെക്കുറിച്ച് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതാണിത്.
ഈ ഗ്രാമത്തിലെ ഇരുനൂറോളം ദളിത് കുടുംബങ്ങളിലെ സ്ത്രീകള്‍ നിത്യവും ഇത്തരം അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. തങ്ങള്‍ വാല്‍മീകി സമുദായക്കാരാണ് തങ്ങളെ കിണറിന്റെ പരിസരത്ത് പോലും മേല്‍ജാതിക്കാര്‍ അടുപ്പിക്കില്ലെന്ന് ഗ്രാമവാസികളായ ചന്ദ്രിക സിസോദിയ ഷര്‍ദാബെന്‍ സൊളങ്കി എന്നിവര്‍ പറഞ്ഞു. കുഴല്‍ കിണര്‍ വഴിയുള്ള വെള്ളം ലഭ്യമാണെങ്കിലും അതില്‍ നിറയെ ചെളിയും മാലിന്യവുമാണ്. ദളിതരെ വെള്ളം എടുക്കാന്‍ അനുവദിക്കാത്തതാണ് ഗ്രാമത്തിന്റെ പാരമ്പര്യമെന്ന് മേല്‍ജാതിയില്‍പ്പെട്ട ഒരു ഗ്രാമവാസി പറഞ്ഞു.