ദുബൈ മാരത്തണ്‍ കിരീടം ഇത്യോപ്യന്‍ ഓട്ടക്കാര്‍ തൂത്തുവാരി.

11:44 am 21/1/2017

download
ദുബൈ: ഒന്നരക്കോടിയോളം രൂപ സമ്മാനമായി നല്‍കുന്ന ദുബൈ മാരത്തണ്‍ കിരീടം ഇത്യോപ്യന്‍ ഓട്ടക്കാര്‍ തൂത്തുവാരി. പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇത്യോപ്യന്‍ താരങ്ങള്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ കൈക്കലാക്കി. പുതിയ കോഴ്സ് റെക്കോഡോടെ തമിറാത്ത് ടോള പുരുഷവിഭാഗം ചാമ്പ്യനായപ്പോള്‍ വോക്നെഷ് ദെഗേഫക്കാണ് വനിതാ കിരീടം. രണ്ടുലക്ഷം ഡോളര്‍ വീതമാണ് സമ്മാനത്തുക. മാരത്തണില്‍ ദെഗേഫയുടെ അരങ്ങേറ്റ മല്‍സരമായിരുന്നു ദുബൈയിലേത്.
റിയോ ഒളിമ്പിക്സില്‍ 10,000 മീറ്ററിലെ വെങ്കല മെഡല്‍ ജേതാവാണ് പുരുഷ ചാമ്പ്യനായ ടോള. രണ്ടു മണിക്കൂര്‍ നാലു മിനിട്ട് 11 സെക്കന്‍റില്‍ ഒന്നാമത് ഫിനിഷ് ചെയ്ത ടോള 2012ല്‍ ദുബൈയില്‍ അയേലെ അബ്ഷെറോ സ്ഥാപിച്ച 2:04:23 മണിക്കൂര്‍ സമയമാണ് തിരുത്തിയെഴുതിയത്. മൂന്നു വര്‍ഷം മുമ്പ് ഇവിടെ മത്സരിച്ചപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു ടോള. രണ്ടര മിനിട്ട് വ്യത്യാസത്തില്‍ മുലെ വസിഹുന്‍ രണ്ടും സിസേ ലെമ്മ മൂന്നും സ്ഥാനം നേടി ഇതോപ്യന്‍ വീരഗാഥ പൂര്‍ത്തിയാക്കി. അതേസമയം 5,000 മീറ്ററിലും 10,000 മീറ്ററിലും ലോകചാമ്പ്യനായ ഇതോപ്യയുടെ ഇതിഹാസ താരം കെനെനിസ ബെക്കേലെ മത്സരത്തിനടിയില്‍ വീണു പരിക്കേറ്റതിനെതുടര്‍ന്ന് പിന്മാറി.
കഴിഞ്ഞ സെപ്റ്റംബറില്‍ ബെര്‍ലിന്‍ മാരത്തണില്‍ ആറു സെക്കന്‍റ് വ്യത്യാസത്തില്‍ ലോകറെക്കോഡ് നഷ്ടമായ ബെക്കേലെ ദുബൈയില്‍ അതിന് വീണ്ടും ശ്രമിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വീഴ്ചയില്‍ കൈമുട്ട് പൊട്ടി രക്തമൊലിപ്പിച്ച ബെക്കേലെ 25 കി.മീറ്റര്‍ പിന്നിട്ടപ്പോള്‍ ഓട്ടം നിര്‍ത്തി. വനിതകളില്‍ ദെഗേഫ 2:22.36 മണിക്കൂറില്‍ ഒന്നാമത് ഫിനിഷ് ചെയ്തപ്പോള്‍ ഷുറെ ഡെമിസ് രണ്ടും യെബ്ഗുവല്‍ മെലീസ് മൂന്നും സ്ഥാനത്തത്തെി. വീല്‍ചെയര്‍ വിഭാഗത്തില്‍ സ്പെയിനിലെ റാഫേല്‍ ബോട്ടെല്ളോ ചാമ്പ്യനായി.