നര്‍ത്തകി മൃണാളിനി സാരാഭായിയുടെ വിയോഗം , പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ മകള്‍ മല്ലികാ സാരാഭായി.

mrinalini-sarabhai-759

താമരയെ വെളളത്തില്‍ നിന്ന് എടുത്ത് രാജ്യത്തിന്റെ നിറുകയില്‍ ചാര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രജ്യത്തിനു അകത്തു നില്‍ക്കുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ രാഷ്ട്രിയക്കാരന്റെ സ്വഭാവം അനുകരിക്കുകയാണോ.. ?ലോകപ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെ വിയോഗത്തില്‍ അദ്ദേഹം അനുശോചിക്കാതിരുന്നത് ആ വാര്‍ത്ത അറിയാഞ്ഞിട്ടാവില്ലല്ലോ. പ്രധാനമന്ത്രി എന്ന നില മറന്ന് രാഷ്ട്രീയക്കാരനെന്ന നിലയില്‍ മാത്രം ചിന്തിച്ചതു കൊണ്ടാണെന്ന് വ്യക്തം.

രാജ്യാന്തരവേദികളില്‍ ഇന്ത്യന്‍ നൃത്തപാരമ്പര്യത്തിന്റെ ഉദാത്ത കലാകാരി നര്‍ത്തകി മൃണാളിനി സാരാഭായി. രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച പ്രതിഭ. ആ നര്‍ത്തകിയുടെ വിയോഗം അനുശോചന സന്ദേശം പുറപ്പെടുവിക്കേണ്ടവരില്‍ ആദ്യനിരയില്‍ ഉണ്ടാവേണ്ടത് നമ്മുടെ പ്രധാനമന്ത്രിയാണ് . പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശം ഉണ്ടായില്ല. ഇതില്‍ ദു:ഖവും പ്രതിഷേധവുമായി മകള്‍ മല്ലികാ സാരാഭായി. മൃണാളിനി സാരാഭായി രാജ്യത്തിനും ലോകത്തിനും ചെയ്ത സംഭാവനകളെ മോദി മറന്നെന്ന് മല്ലിക സാരാഭായ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മല്ലികാ സാരാഭായും അമ്മ മൃണാളിനി സാരാഭായും നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തോട് സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും അറിയുന്നതാണ്. ഗുജറാത്ത് കൂട്ടക്കൊലയില്‍ മോദിക്കുള്ള ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി കോടതികളെ സമീപിച്ചിട്ടുള്ള മല്ലികയോടൊപ്പം തന്നെയായിരുന്നു മൃണാളിനിയുടെ രാഷ്ട്രീയവും. ഗുജറാത്തിന്റെ വളര്‍ത്തുപുത്രിമാരെന്ന നിലയില്‍ കൂടിയുള്ള നിലപാടായിരുന്നു അവരുടേത്.

ഈ രാഷ്ട്രീയം മോദിക്കെതിരായിരക്കാം. മല്ലിക അത് തന്റെ കുറിപ്പില്‍ പറയാതിരിക്കുന്നില്ല. മോദിയുടെ രാഷ്ട്രീയത്തെ താനും തന്റെ രാഷ്ട്രീയത്തെ മോദിയും വെറുക്കുന്നുണ്ടാകും. എന്നാല്‍ അറുപത് വര്‍ഷത്തോളം രാജ്യത്തിന്റെ യശസ് വര്‍ധിപ്പിച്ച കലാകാരിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാതിരുന്നത് അപമാനകരമാണ്.

മോദിയുടെ മൗനം മല്ലികയോടും മൃണാളിനിയോടുള്ള കേവലമായ രാഷ്ട്രീയ വൈരാഗ്യത്തിന്റെ മാത്രം പ്രശ്‌നമല്ല. അതില്‍ ഒരു തുടര്‍ച്ചയുണ്ട്.

2011ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നടന്നതാണ് ഇക്കാണുന്ന ദൃശ്യങ്ങള്‍. സൂഫി മുസ്ലിം സമുദായത്തിന്റെ നേതാവ് ഇമാം ഷാഫി സയിദ് നല്‍കിയ തൊപ്പി ധരിക്കാന്‍ വിസമ്മതിക്കുന്ന മോദിയെ ആണ് നമ്മള്‍ കാണുന്നത്. എല്ലാ തലപ്പാവും ധരിക്കാന്‍ വിസമ്മതിക്കുന്ന നേതാവായിരുന്നെങ്കില്‍ ഇതില്‍ കുഴപ്പമില്ലായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് താന്‍ അങ്ങനെയല്ലെന്ന് മോദി തെളിയിച്ചു.

എല്ലാവിധ തൊപ്പികളും തലപ്പാവുകളും ധരിച്ച് വിവിധ സമുദായങ്ങളുടെ കൂടെ ചേരാന്‍ മടിച്ചിട്ടില്ലാത്ത മോദി അപ്പോഴും മുസ്ലിം തൊപ്പിമാത്രം ധരിക്കാന്‍ വിസമ്മതിച്ചു. ഇത് കൃത്യമായ ഒരു ഒഴിവാക്കലാണ്. പ്രധാനമന്ത്രി പദത്തില്‍ എത്തിയശേഷവും മുസ്ലിം മതപ്രതീകങ്ങളോടുള്ള അകല്‍ച്ച മോദി പ്രകടമാക്കി. സ്വന്തം നിയലയ്ക്ക് ഇഫ്താര്‍ പാര്‍ട്ടി നടത്താത്ത, രാഷ്ട്രപതി ഒരുക്കുന്ന ഇഫ്താറുകളില്‍ പങ്കെടുക്കാത്ത ആദ്യത്തെ പ്രധാനമന്ത്രിയായി അദ്ദേഹം മാറി.

പ്രധാനമന്ത്രിയാകുന്നതിന് മുന്നേ കൊണ്ടുനടന്ന നിലപാടുകള്‍ തന്നെയാണ് പ്രധാനമന്ത്രിക്കസേരയില്‍ എത്തിയതിനു ശേഷവും തുടര്‍ന്നത്. സൗദി അറേബ്യയും പാക്കിസ്ഥാനും മറ്റനേകം മുസ്ലിംരാഷ്ട്രങ്ങളും സന്ദര്‍ശിക്കാനും സൗഹൃദം പുതുക്കാനും അദ്ദേഹം ഉല്‍സാഹം കാട്ടി. പക്ഷേ രാജ്യത്തെ ഹിന്ദുക്കളുടെയും ജൈനരുടെയും സിഖുക്കാരുടെയുമൊക്കെ പ്രധാനമന്ത്രി തന്നെയാണ് താനെന്ന് തെളിയിക്കാന്‍ കാണിക്കുന്ന വ്യഗ്രത പക്ഷേ മുസ്ലിങ്ങളുടെ പ്രധാനമന്ത്രി കൂടിയാണ് താനെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിനില്ല. അതേ മോദിയുടെ രാഷ്ട്രീയമാണ്. ആ രാഷ്്ട്രീയം മൃണാളിനി സാരാഭായിയെപ്പോലൊരു പ്രതിഭാധനയായ വിമര്‍ശകയുടെ കാര്യത്തിലും മോദി തുടര്‍ന്നു എന്നത് ഒട്ടും സന്തോഷം തരുന്ന കാര്യമല്ല.

രാജ്യം അംഗീകരിച്ച കലാകാരി , ആ കലാകാരിയുടെ അന്ത്യയാത്രയില്‍ അണിചേരേണ്ട പ്രധാനമന്ത്രി അറിഞ്ഞിട്ടു അറിഞ്ഞില്ല എന്ന ഭാവിക്കുന്ന നാടകത്തിന്റെ അസഹീഷ്ണുതയെ ഏതു ജനുസില്‍ പെടുത്താം