നഴ്‌സിങ് റിക്രൂട്ട്‌മെന്റ്: കുവൈത്ത് പ്രതിനിധിസംഘം ഇന്ന് കേരളത്തില്‍ എത്തും.

09:25am 15/3/2016
images (2)
കുവൈത്ത് : ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധിസംഘം ചൊവ്വാഴ്ച കേരളത്തിലത്തെും. ആരോഗ്യമന്ത്രാലയം മെഡിക്കല്‍ സര്‍വിസ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹര്‍ബിയുടെയും നിയമവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മഹ്മൂദ് അബ്ദുല്‍ഹാദിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘം മൂന്നു ദിവസം കേരളത്തിലുണ്ടാവും.
പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫുമായും നോര്‍ക്ക റൂട്ട്‌സ്, ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്‌ളോയ്‌മെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്‌സ് (ഒഡാപെക്) പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന സംഘത്തിന്റെ സന്ദര്‍ശനലക്ഷ്യം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിക്രൂട്ടിങ് ഏജന്‍സികളുടെ കാര്യക്ഷമത വിലയിരുത്തുകയാണ്. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍വഴി മാത്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് തീരുമാനിച്ചത്. ഇതിനായി നോര്‍ക്ക റൂട്ട്‌സ്, ഒഡാപെക്, തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്നീ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

വിദേശത്തേക്കുള്ള നഴ്‌സിങ് നിയമനത്തിനായി സ്വകാര്യ ഏജന്‍സികള്‍ ലക്ഷങ്ങള്‍ കൈക്കൂലി ഈടാക്കുന്നതായി കണ്ടത്തെിയതിനെ തുടര്‍ന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ റിക്രൂട്ടിങ് അധികാരം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. എന്നാല്‍, ഈ നിര്‍ദേശം തുടക്കത്തില്‍ കുവൈത്ത് അംഗീകരിക്കാതിരുന്നത് ഇന്ത്യയില്‍നിന്നുള്ള നഴ്‌സിങ് നിയമനം നിലക്കുന്നതിന് കാരണമായി.
തുടര്‍ന്ന് എംബസിയുടെ നേതൃത്വത്തില്‍ നടന്ന നിരന്തര ചര്‍ച്ചയെ തുടര്‍ന്നാണ് കുവൈത്തിലേക്കുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ സന്ദര്‍ശനം. സന്ദര്‍ശനത്തോടെ ഒരു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കുവൈത്തിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ധാരണയാവുമെന്നാണ് പ്രതീക്ഷ. ഇത് മലയാളികളായ ഒട്ടേറെ പേര്‍ക്ക് ഗുണം ചെയ്യും.