നായകന്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറി

10:44 am 9/10/2016
download (4)

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് കുതിക്കുന്നു. സെഞ്ചുറിയുമായി കൊഹ്‌ലിയും അര്‍ധസെഞ്ചുറിയുമായി രഹാനെയും നിലയുറപ്പിച്ചപ്പോള്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന സുരക്ഷിത നിലയിലാണ്. 103 റണ്‍സുമായി കൊഹ്‌ലിയും 79 റണ്‍സോടെ രഹാനെയും ക്രീസില്‍. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 167 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ടെസ്റ്റ് കരിയറിലെ പതിമൂന്നാമത്തെ സെഞ്ചുറിയാണ് കൊഹ്‌ലി ഇന്ന് നേടിയത്. 2013ല്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയശേഷം നാട്ടില്‍ നേടുന്ന ആദ്യസെഞ്ചുറിയെന്ന പ്രത്യേകതയും ഇതിനുണ്ട്. തുടര്‍ച്ചയായ ആറാം ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഗൗതം ഗംഭീറും മുരളി വിജയ്‌യും ചേര്‍ന്ന് മോശമല്ലാത്ത തുടക്കമാണ് നല്‍കിയത്. എന്നാല്‍ പേസ് ബൗളര്‍മാര്‍ക്ക് യാതൊരു സഹായവും ലഭിക്കാത്ത പിച്ചില്‍ അഞ്ചാം ഓവറിലെ സ്പിന്നറെ കൊണ്ടുവന്ന കീവിസ് നായകന്‍ കെയ്ന്‍ വില്യാംസന്റെ നീക്കത്തിന് ഉടന്‍ ഫലം കിട്ടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 10 റണ്‍സെടുത്ത വിജയ്‌യെ ജീതന്‍ പട്ടേലിന്റെ പന്തില്‍ ലഥാം പിടകൂടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 26ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.
മാറ്റ് ഹെന്‍റിക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സറുകള്‍ പറത്തി ടീമിലേക്കുള്ള വരവറിയിച്ച ഗംഭീറിന്റേതായിരുന്നു അടുത്ത ഊഴം. 29 റണ്‍സെടുത്ത ഗംഭീറിനെ ബൗള്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കി. അപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 60. 41 റണ്‍സെടുത്ത പൂജാര നന്നായി തുടങ്ങി പ്രതീക്ഷ നല്‍കിയെങ്കിലും സാന്റനറുടെ മനോഹരമായൊരു പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ഇന്ത്യ 100ലെത്തി. കീവിസ് സ്പിന്നര്‍മാര്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കുമെന്ന് തോന്നിച്ചഘട്ടത്തില്‍ കൊഹ്‌ലി കളി കൈയിലെടുത്തു. മോശം പന്തുകളെ മാത്രെ തെരഞ്ഞെടുത്ത് ആക്രമിച്ച കൊഹ്‌ലിക്ക് രഹാനെ മികച്ച പങ്കാളിയായി. ഷോര്‍ട്ട് ബോളുകള്‍കൊണ്ട് കീവീസ് ബൗളര്‍മാര്‍ ശ്വാസം മുട്ടിച്ചെങ്കിലും രഹാനെയെ വീഴാതെ പിടിച്ചുനിന്നു. രണ്ടാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ധവാന് പകരം ഗംഭീര്‍ എത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ പകരക്കാരനായി ഉമേഷ് യാദവ് അന്തിമ ഇലവനിലെത്തി.