നാലാമത് കോംപാക്ട് കുടുംബയോഗം ലൂയീസ്‌വില്‍, കെന്റക്കിയില്‍ നടത്തപ്പെട്ടു

09:29am 13/7/2016

Newsimg1_20518881
ന്യൂജേഴ്‌സി: 2010-ല്‍ രൂപംകൊള്ളുകയും രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുമുള്ള കോംപാക്ട് (Compakt) കുടുംബയോഗം ഇത്തവണ (2016) കെന്റക്കിയിലുള്ള ലൂയീസ്‌വില്ല (Louisville) പട്ടണത്തിലെ St. Michael Antiochian Orthodox Church ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ടു.

അമേരിക്കയിലെ ഇല്ലിനോയിസ്, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, മിഷിഗണ്‍, ടെക്‌സസ്, വാഷിംഗ്ടണ്‍ ഡി.സി എന്നീ സ്റ്റേറ്റുകളില്‍ നിന്നും കാനഡയിലെ ആല്‍ബര്‍ട്ട/എഡ്മണ്ടന്‍, കാല്‍ഗറി, ടൊറന്റോ എന്നീ പട്ടണങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഇത്തവണത്തെ കുടുംബ സമ്മേളനത്തില്‍ പങ്കെടുത്തു.

2014-ല്‍ ടൊറന്റോയില്‍ വച്ചു നടത്തിയ കുടുംബയോഗത്തിന്റെ തീരുമാനപ്രകാരം കെന്റക്കിയില്‍ (Louisville) സ്ഥിരതാമസക്കാരനായ ഡോ. റെജി വര്‍ഗീസ് എം.ഡിയും കുടുംബവുമാണ് ആതിഥേയത്വം വഹിച്ചത്.

ജൂലൈ ഒന്നാം തീയതി വെള്ളിയാഴ്ച ലൂയീസ് വില്ലില്‍ എത്തിച്ചേര്‍ന്ന എല്ലാ കുടുംബങ്ങളേയും ഡോ. റെജിയും ഭാര്യ ബീനയും ചേര്‍ന്നു തയാറാക്കിയ പ്രത്യേക അത്താഴവിരുന്നിനായി സ്വവസതയിലേക്ക് ക്ഷണിക്കാന്‍ മറന്നില്ല.

ജൂലൈ രണ്ടാംതീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഹാളില്‍ എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍ കുശലം പറഞ്ഞ് കുടുംബബന്ധങ്ങള്‍ പുതുക്കി. പ്രസിഡന്റ് റവ.ഫാ. പൗലോസ് പീറ്ററിന്റെ പ്രാര്‍ത്ഥനയോടെ 10 മണിക്ക് ആരംഭിച്ച യോഗം ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയോടെ പൂര്‍വ്വപിതാക്കന്മാരെ അനുസ്മരിച്ചു. ഡോ. റെജി വര്‍ഗീസ് എല്ലാ കുടുംബങ്ങളേയും യോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്ത് സ്വീകരിച്ചു.

യോഗത്തില്‍ തങ്ങളില്‍ നിന്നും 2014-ല്‍ വിടവാങ്ങിപ്പോയ ഡോ. സി.എം. എല്‍ദോ എം.ഡിയേയും, ഡോ. റെജി വര്‍ഗീസിന്റെ മാതാവിനേയും പ്രത്യേകം അനുസ്മരിച്ച് റവ.ഫാ. പൗലോസ് പീറ്റര്‍, ഡോ. ടോബി എല്‍ദോ എം.ഡി, സജി മാത്യു എന്നിവര്‍ സംസാരിച്ചു.

ഡോ. സി.എം. യല്‍ദോ കോംപാക്ട് കുടുംബത്തിന്റെ സ്ഥാപകരില്‍ ഒരാളും വൈസ് പ്രസിഡന്റുംകൂടിയായിരുന്നു.

കോംപാക്ട് കുടുംബത്തിന്റെ പേട്രണ്‍ സി.കെ. പോള്‍ കുടുംബങ്ങളുടേയും, കുടുംബ ബന്ധങ്ങളുടേയും ആവശ്യകതെയപ്പറ്റി ഓര്‍മ്മിപ്പിച്ചു. പരേതനായ ഡോ. സി.എം. യല്‍ദോയെ അനുസ്മരിക്കുന്നതിനുപുറമെ അദ്ദേഹം കോംപാക്ടിനു നല്‍കിയ സേവനങ്ങളെപ്പറ്റി ഓര്‍മ്മിച്ച് സംസാരിച്ചു.

സെക്രട്ടറി സ്മിത പോള്‍ മിനിറ്റ്‌സ് വായിച്ചതിനെ തുടര്‍ന്നു ട്രഷറര്‍ പോള്‍ കുര്യാക്കോസ് പടിഞ്ഞാറെക്കരയില്‍ കണക്ക് അവതരിപ്പിച്ചത് യോഗം പാസാക്കി.

2016- 18 -ലെ കുടുംബയോഗം റവ.ഫാ. ആകാശ് സി. പോളും, ലാലു കുര്യാക്കോസും ആവശ്യപ്പെട്ടത് അനുസരിച്ച് ന്യൂജേഴ്‌സിയില്‍ വച്ചു (ജൂലൈ 2018) നടത്തുവാന്‍ തീരുമാനിച്ചു. 12 മണിയോടെ റവ.ഫാ. ആകാശ് പോള്‍ പ്രാര്‍ത്ഥിച്ചവസാനിപ്പിച്ച യോഗം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. നാടന്‍ ശൈലിയില്‍ വാഴയിലയില്‍ വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു ഡോ. റെജി ഏര്‍പ്പാട് ചെയ്തിരുന്നത്.

കുടുംബയോഗത്തിന്റെ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷം ഡൗണ്‍ ടൗണ്‍, ലൂയീസ് വില്ലില്‍ കറങ്ങാനെത്തിയ കുടുംബാംഗങ്ങളെ മുഹമ്മദാലി സെന്റര്‍ കാണിക്കാനും ഡോ. റെജിയും കുടുംബവും ഏര്‍പ്പാട് ചെയ്തിരുന്നു.

വൈകിട്ട് ഡൗണ്‍ ടൗണിലുള്ള പാര്‍ക്കില്‍ തിരിച്ചെത്തി ട്രക്കില്‍ തട്ടുകട സ്റ്റൈലില്‍ തയാറാക്കിയ ബാര്‍ബിക്യൂ ഡിന്നര്‍ കഴിച്ചശേഷം കുടുംബാംഗങ്ങള്‍ കാല്‍നടയായി ഒഹായോ റിവറിനു കുറുകെയുള്ള വളരെ പഴക്കമുള്ള ഇരുമ്പ് പാലത്തില്‍കൂടി നടന്ന് ഇന്ത്യാന സ്റ്റേറ്റില്‍ എത്തി.

നടന്ന് ക്ഷീണിച്ചെത്തിയ കുടുംബാംഗങ്ങളെ വിവിധ തരത്തില്‍പ്പെട്ട ഐസ്ക്രീം നല്‍കി ഡോ. ടോബി യല്‍ദോ എം.ഡി ഇന്ത്യാനയില്‍ സ്വീകരിച്ചു. വിശ്രമിച്ചശേഷം തിരിച്ച് കെന്റക്കിയിലേക്ക് നടന്ന് എത്തിയ കുടുംബാംഗങ്ങള്‍ യാത്ര പറഞ്ഞ് പിരിയുകയും ചെയ്തു.

കുടുംബയോഗത്തിനു കേരളത്തില്‍ നിന്നും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചവരില്‍ സി.എം. ഗീവര്‍ഗീസ് (പ്രസിഡന്റ്- ചീരകത്തോട്ടം കുടുംബയോഗം – കേരളം), ഡോ. ഡി. ബാബു പോള്‍, കെ. റോയി പോള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോ­സ്.